ന്യൂമാഹി ടൗണിലെ പൂട്ടിക്കിടക്കുന്ന പോലീസ് ഔട്ട്പോസ്റ്റ് പ്രവർത്തന സജ്ജമാക്കണം
1453762
Tuesday, September 17, 2024 1:51 AM IST
മാഹി: മാഹിപ്പാലത്തോടു ചേർന്നുകിടക്കുന്ന ന്യൂമാഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റ് അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. ജനത്തിരക്കേറിയ ദേശീയപാതയിലെ ജംഗ്ഷനിലുള്ള ന്യൂമാഹി പോലീസ് സ്റ്റേഷനു കീഴിലുള്ള പോലീസ് ഔട്ട് പോസ്റ്റാണ് അടച്ചുപൂട്ടിയത്. ചൊക്ലി, പള്ളൂർ ഭാഗത്ത് നിന്നുള്ള റോഡ് ചേരുന്ന കവലകൂടിയാണിത്. 2006-ൽ കോടിയേരി ബാലകൃഷ്ണൻ എംഎൽഎ ആയിരുന്നപ്പോഴാണ് ഇത് സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവർത്തിച്ച ഇവിടെ ഒരു എഎസ്ഐ ഉൾപ്പടെ രണ്ടു പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു.
പോലീസ് സേനയിലെ അംഗബലം കുറഞ്ഞതോടെ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോംഗാർഡ് മാത്രമായി മാറി. പകൽ സമയം മാത്രമാണ് ഹോം ഗാർഡിന്റെ സേവനം ലഭിക്കുന്നത്.
ഏഴുകിലോമീറ്റർ ദൂരെ മാക്കൂട്ടം-പാറാൽ റോഡിലാണു ന്യൂമാഹി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിന് ഉടനെ സ്ഥലത്തെത്താൻ കഴിയാറില്ല. ബസുകളുടെ മത്സരയോട്ടം തടയാനും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായാണ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത്. ദീർഘദൂര ബസുകൾ ഇവിടെ നിർത്തി പോലീസ് ഔട്ട് പോസ്റ്റിൽ ഒപ്പിട്ട് പോകാറാണു പതിവ്.
കവലയിൽ നിന്ന് എതിർഭാഗത്തേക്കു മുറിച്ചു കടക്കാൻ സീബ്രലൈൻ പോലും റോഡിലില്ല. മാഹിപ്പാലം ജംഗ്ഷനിൽ നിന്ന് പരിമഠം ഭാഗത്തേക്ക് അശാസ്ത്രീയമായ ടാറിംഗ് കാരണം കയറ്റിറക്കം പോലെ ഉയർന്നും താഴ്ന്നുമിരിക്കുന്ന റോഡിൽ ധാരാളം അപകടങ്ങളും മരണവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസിൽ കയറുമ്പോൾ വയോധികന് വീണു പരിക്കേറ്റിരുന്നു. അടുത്ത മാസം മാഹി പള്ളി പെരുന്നാൾ തുടങ്ങുമ്പോൾ ജനത്തിരക്ക് ഏറുകയും ചെയ്യും. ഈ ഔട്ട് പോസ്റ്റ് ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ഉയരുകയാണ്.