ആറളംപുഴ കടന്ന് വീണ്ടും കാട്ടാന; ജനവാസ കേന്ദ്രത്തിലെ കൃഷി നശിപ്പിച്ചു
1453602
Sunday, September 15, 2024 6:37 AM IST
ഇരിട്ടി: ആറളം പുഴകടന്ന് കാട്ടാന വീണ്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തിയത് ജനങ്ങളെ ഭീതിയിലാക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, ചാക്കാട് മേഖലയിലാണ് കാട്ടാനകളെത്തി കൃഷിയും നശിപ്പിച്ചത്. വെളളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായാണ് ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കാട്ടാനകളെത്തിയത്.
എടൂർ, മണത്തണ മലയോര ഹൈവേയോടു ചേർന്ന് പുഴയോട് ചേർന്നുള്ള വീടിന്റെ പിറകുവശം വരെ എത്തിയ ആനകൾ മതിൽ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ചാക്കാട് സ്വദേശി ദിനേശൻ, പെരുമ്പറമ്പ് സ്വദേശി സാവിത്രി എന്നിവരുടെ വാഴകൾ വ്യാപകമായി നശിപ്പിച്ചു. വിവരമറിഞ്ഞ് വനപാലകർ പ്രദേശത്ത് എത്തിയെങ്കിലും ഇതിനകം കാട്ടാനകൾ പുഴകടന്ന് ആറളം ഫാമിലേക്ക് പോയിരുന്നു.
ആറളം വനത്തിൽ നിന്നും ആറളം ഫാമിലെ കൃഷിയിടത്തിൽ താവളമാക്കിയ ആനകളും പുഴകടന്ന് അയ്യപ്പൻക്കാവ്, ചാക്കാട്, പാലപ്പുഴ ഭാഗങ്ങളിലും എത്തുന്നുണ്ട്. മേഖലയിൽ ശല്യം രൂക്ഷമായതോടെ നാട്ടുകാർ പിരിവെടുത്ത് പുഴാതിർത്തിയിൽ തൂക്കുവേലി സ്ഥാപിച്ചിരുന്നു. ഇത് ആനശല്യം തടയാൻ സഹായിച്ചിരുന്നു. എന്നാൽ, തൂക്കുവേലി ചിലയിടങ്ങളിൽ തകർന്നത് അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കാത്തതാണ് ഇപ്പോൾ ആനകൾ കടന്നു വരാൻ ഇടയാക്കുന്നത്.
പാലപ്പുഴയുടെ കൂടലാട് ഭാഗത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൂറ്റൻമരം ഒഴുകി വന്നിടിച്ചാണ് തൂക്കുവേലി തകർന്നത്. തകർന്ന വേലി അറ്റകുറ്റപണി നടത്തി ശരിയാക്കണമെന്ന് വനംവകുപ്പിനോട് പലതവണ ആവശ്യപ്പെട്ടിടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞവർഷം പുഴകടന്ന് എത്തിയ ആനകൾ പാലപ്പുഴയും കടന്ന് മുഴക്കുന്ന് പഞ്ചായത്തിലെ ജനങ്ങൾ തിങ്ങിപ്പാക്കുന്ന സ്ഥലത്തേക്ക് കയറിയിരുന്നു. വനത്തിലും ഫാമിനകത്തും തീറ്റ ലഭ്യത കുറയുന്പോഴാണ് ആനക്കൂട്ടം പുഴകടന്ന് ജനവാസ മേഖലയിലേക്കെത്തുന്നത്.
നേരത്തെ ആറളം ഫാമിനുള്ളിലെ ആനകളെ കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും പൂർണണായും തുരത്താനായിട്ടില്ല. ഫാമിലെ വിവിധ ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് തൂക്കുവേലി സ്ഥാപിച്ചതോടെ ആനകൾക്ക് ഫാമിലെ മറ്റിടങ്ങളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ തീറ്റതേടി അലയുന്ന ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുഴകടന്നു വരികയാണ്.