ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നു
1453595
Sunday, September 15, 2024 6:36 AM IST
ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയിലൂടെ നടക്കുന്നവർ സൂക്ഷിക്കുക. അടർന്നുവീഴുന്ന കോൺക്രീറ്റ് പാളികൾ തലയിൽ വീണു പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് അപകടമുന്നറിയിപ്പ്. ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയിൽ മാത്രമല്ല കച്ചവട സ്ഥാപനങ്ങൾക്കുള്ളിലും അപകടാവസ്ഥയാണ്.
പലപ്പോഴും യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. മലയോരത്തെ പ്രധാന പട്ടണമായ ഇരിട്ടിയിൽ നിന്നും കണ്ണൂർ, തലശരി ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന നിരവധി ആളുകളാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമടക്കം ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് കോൺക്രീറ്റ് പൊളിഞ്ഞുവീഴുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലെ സീലിംഗ് തകർന്നാണ് ഇപ്പോൾ കോൺക്രീറ്റ് താഴേക്ക് പതിക്കുന്നത്. കൂടാതെ സ്ഥലപരിമിതിയും ബസുകളുടെ വർധനവും യാത്രക്കാരെ വലയ്ക്കുമ്പോഴാണ് കോംപ്ലക്സിന്റെ കോൺക്രീറ്റുകൂടി അടർന്നുവീഴുന്നത്. പുതിയ ബസ്സ്റ്റാൻഡിലെ വ്യാപാരികളുടെയും യാത്രക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാൻ ഇരിട്ടി നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.