കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു
1453070
Friday, September 13, 2024 10:57 PM IST
ഇരിട്ടി: പയഞ്ചേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. പയഞ്ചേരി വായനശാലയ്ക്കു സമീപത്തെ കിഴക്കെപറമ്പിൽ ഹൗസിൽ സി.കെ. നാരായണൻ (68) ആണ് മരിച്ചത്. ഇരിട്ടി-പേരാവൂർ റോഡിൽ പയഞ്ചേരി വായനശാലയ്ക്കു സമീപം ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം.
വീടിനു സമീപത്തെ കടയിലേക്ക് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന നാരായണനെ ഇരിട്ടി ഭാഗത്തുനിന്നും പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്ന കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനത്തിനിടയിൽ കുടുങ്ങിയതിനെതുടർന്ന് ഇരുവാഹനത്തിനും ഇടയിൽപെട്ട് ഗുരുതര പരിക്കേറ്റ നാരായണനെ ഉടൻ ഇരിട്ടിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: യശോദ. മക്കൾ: ഷാജി, ഷിബു, ഷൈനി, ശ്രീന. മരുമക്കൾ: ഇന്ദു, മദൻ മോഹൻ, പ്രവീൺ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.