ആന മതിൽ നിർമാണത്തിലെ പ്രതിസന്ധി ഉടൻ തീർക്കണം: താലൂക്ക് വികസന സമിതി
1451724
Sunday, September 8, 2024 7:33 AM IST
ഇരിട്ടി: ആറളം വനാതിർത്തിയിൽ ഫാമിനേയും പുനരധിവാസ മേഖലയേയും കാട്ടാനയുടെ ഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതിന് വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെ നിർമിക്കുന്ന ആന മതിലിന്റെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മതിൽ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
22 കോടിക്ക് നിർമിക്കാൻ തീരുമാനിച്ച് 50 കോടിക്ക് പ്രവൃത്തി തുടങ്ങി 18 മാസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി ഇപ്പോഴത്തെ അവസ്ഥയിൽ 400 കോടിയുണ്ടായാലും പൂർത്തിയാക്കുമോയെന്നതിൽ സംശയമാണ്. പാവം ആദിവാസികളെ ഇനിയും കുരുതി കൊടുക്കണോ-പ്രശ്നത്തിൽ ഇടപ്പെട്ട് സംസാരിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ചോദിച്ചു.
മതിൽ സ്ഥാപിക്കുന്ന ഭാഗത്തെ മരം മുറിക്കുന്ന കാര്യത്തിലും മതിലിന്റെ അലൈൻമെന്റിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്ക്കുകയാണെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എൻജിനിയർ പി. സനില പറഞ്ഞു. അലൈൻമെന്റ് മാറ്റരുതെന്നാണ് ഊരുസഭയുടേയും ആദിവാസി പുനരധിവാസ മിഷന്റെയും ആവശ്യം.
അലൈൻമെന്റ് മാറുമ്പോൾ 250 തോളം ഏക്കർ ഭൂമി ട്രൈബൽ വകുപ്പിന് നഷ്ടമാകും. കുടാതെ 10 കോടിയോളം രൂപ അധിക ചിലവാക്കുമെന്നും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷും പറഞ്ഞു. ഊരുസഭയുടേയും ജനപ്രതിനിധികളടേയും വികാരം ജില്ലാ കളക്ടറെ അറിയിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎ പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തോട് നിർദേശിച്ചു.