മാർ വള്ളോപ്പിള്ളി മ്യൂസിയം യാഥാർഥ്യമാക്കണം: എഎപി
1451710
Sunday, September 8, 2024 7:32 AM IST
പയ്യാവൂർ: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുടിയേറ്റ ജനതയുടെ സ്വപ്ന പദ്ധതിയായി ശിലാസ്ഥാപനം നടത്തിയ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് തോമസ് കുര്യൻ താലൂക്ക് വികസന സമിതിയിൽ പരാതി നൽകി.
കഴിഞ്ഞ എട്ടു വർഷങ്ങളിലായി നടത്തിയ നിർമാണ പ്രവൃത്തികളിൽ ഓഫീസ് കെട്ടിടം പോലും പൂർത്തിയാക്കാത്ത അവസ്ഥയിലാണുള്ളത്. നിലവിൽ പരിസരമാകെ കാടുമൂടിയ സ്ഥിതിയിലും കെട്ടിടം തെരുവ് നായ്ക്കളുടെ സങ്കേതവുമായി മാറിയിരിക്കുന്നു. പണികൾ വേഗത്തിലാക്കി മ്യുസിയം ഉടൻ തന്നെ തുറക്കാൻ പുരാവസ്തുവകുപ്പിന് താത്പര്യമില്ലെങ്കിൽ ഭൂമി തിരികെ കൊടുക്കണമെന്നും തോമസ് കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു.
ശ്രീകണ്ഠപുരം ടൗണിൽ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ ടേക്ക് എ ബ്രേക്ക് ശൗചാലയം തുറക്കുക, ശ്രീകണ്ഠപുരത്ത് നിന്ന് ചെമ്പന്തൊട്ടിയിലേക്കുള്ള ബസുകൾ അവസാന ട്രിപ്പുകൾ മുടക്കുന്നത് തടയാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും താലൂക്ക് സഭയിൽ നൽകിയ പരാതിയിലുണ്ട്.