ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവം
1451238
Saturday, September 7, 2024 1:37 AM IST
ഇരിട്ടി: ഓണം വിപണിയെ ലക്ഷ്യമിട്ട് ആറളം ഫാമിലെ ബ്ലോക്ക് ഏട്ടിലെ അണുങ്ങോട് മേഖലയിലെ 100 ഏക്കർ മാതൃ കൃഷിത്തോട്ടത്തിലെ രണ്ട് ഹെക്ടർ സ്ഥലത്ത് കൃഷിചെയ്ത ചെണ്ടുമല്ലികളുടെ വിളവെടുപ്പ് ആരംഭിച്ചു. ആറളം ഫാമിലെ മാതൃ കൃഷിത്തോട്ടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ കേന്ദ്രമായിരുന്ന ഇവിടം വെട്ടിത്തെളിച്ച് 100 ഏക്കർ സ്ഥലവും സോളാർ ഫെൻസിംഗ് തീർത്ത് സുരക്ഷിതം ആക്കിയ ശേഷമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
100 ഏക്കറിൽ വിളവെടുപ്പിന് പാകമായി വളരുന്ന ചോളം ചേന , ചേമ്പ്, കരനെല്ല് എന്നിവയാണ് മറ്റ് കൃഷികൾ. പൂക്കളുടെ വില്പനക്ക് സമീപത്തെ മാർക്കറ്റുകൾ തന്നെയാണ് ലക്ഷ്യമിടുന്നത്. കണ്ണൂർ തലശേരി മാർക്കറ്റുകളിലും ഓണ സീസണിൽ പൂവ് വില്പനക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ആറളം ഫാമിലെ മാതൃ കൃഷിത്തോട്ടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിൽ പഞ്ചായത്ത് അംഗം മിനി ദിനേശൻ അധ്യക്ഷത വഹിച്ചു.
ആറളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രമ്യ രാഘവൻ, അഡ്മിനിട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിധീഷ് കുമാർ, ഫാം സൂപ്രണ്ട് ജോസഫ് ജോർജ്, ആറളം ഫാം സൂപ്രണ്ട് ജോസഫ് ജോർജ്, അക്കൗണ്ട്സ് ഓഫിസർ ടി.പി. പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ ആശ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.