സ്റ്റേഡിയം നാശത്തിന്റെ വക്കിൽ; കായിക സ്വപ്നങ്ങൾക്ക് തിരിച്ചടി
1451232
Saturday, September 7, 2024 1:37 AM IST
കൊട്ടിയൂർ: ദേശീയ-അന്തർദേശീയ താരങ്ങൾക്ക് ജന്മം നല്കിയിട്ടുള്ള കൊട്ടിയൂർ പഞ്ചായത്തിലെ ഏക സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. കൊട്ടിയൂർ മേഖലയിലെ കുട്ടികൾക്ക് കളിക്കാനുള്ള ഏക സ്റ്റേഡിയമാണിത്. കൊട്ടിയൂർ നീണ്ടുനോക്കി ടൗണിനെയും ഒറ്റപ്ലാവ്-പാലുകാച്ചി മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നീണ്ടുനോക്കി പാലം പ്രവൃത്തി തുടങ്ങിയതോടെയാണ് സ്റ്റേഡിയം നശിച്ചു തുടങ്ങിയത്.
നിലവിൽ കാടുപിടിച്ച് ചളിക്കുളമായി കിടക്കുകയാണ് സ്റ്റേഡിയം. പാലം പ്രവൃത്തിയുടെ അവശിഷ്ട ങ്ങളും സ്റ്റേഡിയത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ടൗണിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനും കയറ്റി ഇറക്കാനും തുടങ്ങിയതോടെ സ്റ്റേഡിയം ചെളിക്കുളമായി.
സ്റ്റേഡിയത്തിനു സമീപത്തെ അപ്രോച്ച് റോഡും തകർന്ന നിലയിലാണ്. വർഷങ്ങളായി കൊട്ടിയൂർ പഞ്ചായത്തിലെ കായിക പ്രതിഭകൾ ഇവിടെ നിന്നാണ് കളിച്ചുവളർന്നത്. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് സ്റ്റേഡിയം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.