വനിതാ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ
1451231
Saturday, September 7, 2024 1:37 AM IST
ഇരിട്ടി: അങ്ങാടിക്കടവ് ആസ്ഥാനമായുള്ള അയ്യൻകുന്ന് വനിതാ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഒന്നര കോടി രൂപയോളം വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീല (57) യെയാണ് കരിക്കോട്ടക്കരി എസ്എച്ച്ഒ കെ.ജെ. വിനോയ് അറസ്റ്റ് ചെയ്തത്.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതയെ ഈ മാസം 20 വരെ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു . രണ്ട് പരാതികളിലാണ് നിലവിൽ ഇവർക്കെതിരേ നടപടി. വ്യാജ രേഖകളുണ്ടാക്കി നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തിയും ബിനാമി പേരുകളിൽ ലോണുകൾ നൽകിയും 1.5 കോടി രൂപയോളം തട്ടിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നൽകിയ പരാതിയിലും, 50000 രൂപ വ്യാജ രേഖകൾ ചമച്ച് മറ്റൊരു വ്യക്തിയുടെ പേരിൽ ലോൺ തട്ടിപ്പ് നടത്തിയ സംഭവത്തിലും കരിക്കോട്ടക്കരി പോലീസ് നേരത്തെ കേസ് എടുത്തിരുന്നു .
ഈ കേസുകളിൽ പി.കെ. ലീല നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി തള്ളുകയും അന്വേഷ ണ ഉദ്യോഗസ്ഥനു മുന്പാകെ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്നലെ കരിക്കോട്ടക്കരി സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ഒൻപത് മാസം മുൻപ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നൽകിയിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കമ്പിനിരത്ത് പ്രദേശത്തുള്ള 40 പേരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ക്രമക്കേട് നടത്തിയെന്നായിരുന്നു കണ്ടെത്തൽ.
ഇത്തരത്തിൽ 228 ഓളം വ്യാജ അകൗണ്ടുകൾ നിർമിച്ച് ഇവർ തട്ടിപ്പ് നടത്തിയതായാണ് വിവരം . തട്ടിപ്പിനെ തുടർന്ന് നിരവധി നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.