കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
1451228
Saturday, September 7, 2024 1:37 AM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിൽ വനിതകൾ ഉൾപ്പെടെ ഏറെ നേരം കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ പ്രകടനമായി ഡിസിസി ഓഫീസിലേക്ക് തിരിച്ചുപോയി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, അശ്വിൻ സുധാകർ, പി.പി. രാഹുൽ, ഷുഹൈബ് തലശേരി, രഗിൻ, സനീഷ് അടുവാപ്പുറം തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെയുണ്ടായ ആക്രമണത്തിലും ആഭ്യന്തര വകുപ്പും അധോലോകവുമായ അവിശുദ്ധ കുട്ടുകെട്ടിലും പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ 11.30 ഓടെ ഡിസിസി ഓഫീസിൽ നിന്ന് മാർച്ച് ആരംഭിച്ചത്. ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.
ആഭ്യന്തരവകുപ്പ് വാഴയാണെന്ന് പറഞ്ഞ് വാഴയും കൈയിലേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ഗുണ്ടകളും മാഫിയകളുമാണെന്നും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലീസിൽ യാതൊരു നിയന്ത്രണവുമില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, റോബർട്ട് വെള്ളാംവള്ളി, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, മിഥുൻ മാറോളി, ഐബിൻ ജേക്കബ്, എൻ.സൗമ്യ, നിധിൻ കോമത്ത്, പ്രിൻസ് ജോർജ്, നിധിൻ നടുവനാട്, രാഹുൽ ചേരുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.