പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നവീകരണത്തിന്റെ പേരിൽ അടച്ചിട്ട കാർഡിയോളജി വിഭാഗത്തിലെ രണ്ട് ഓപ്പറേഷൻ തിയറ്ററുകൾ എട്ടുമാസമായിട്ടും തുറന്നില്ല. ഇതുകാരണം ബൈപാസ് സർജറി നടത്തേണ്ട മുന്നൂറിലധികം പേർ തിയറ്ററുകൾ തുറക്കുന്നതും കാത്തിരിക്കുകയാണ്. രണ്ടു തിയറ്ററുകളും ഒരേ സമയം അടച്ചിട്ടതാണ് ബൈപാസ് സർജറികൾ പൂർണമായും നിലയ്ക്കാൻ ഇടയാക്കിയത്. അത്യാവശ്യ ശസ്ത്രക്രിയകൾ നടത്താനായുള്ള ബദൽ സംവിധാനവും ഒരുക്കിയിട്ടില്ല.
കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നും ഇവിടെ ശസ്ത്രക്രിയയ്ക്ക് രോഗികൾ എത്തിയിരുന്നു. കാരുണ്യ-ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുള്ളതിനാൽ ഒട്ടേറെ സാധാരണക്കാർ ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഗവ. മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നുണ്ട്. ഇൻഷ്വറൻസ് ഇല്ലാത്തവർക്കും സ്വകാര്യ ആശുപത്രികളെക്കാൾ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാനാകും. രണ്ടു ഡോക്ടർമാർ ഉണ്ടായിട്ടും ഓപ്പറേഷൻ തിയറ്ററുകൾ തുറക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്.