ഓണത്തെ വരവേൽക്കാൻ പൂക്കൾ ഒരുങ്ങി
1450958
Friday, September 6, 2024 1:46 AM IST
ലിസിഗിരി: ഓണത്തിനു മുന്നോടിയായി ലിസിഗിരി ചെറുപുഷ്പം പളളിയുടെ വളപ്പിൽ മാതൃവേദി അംഗങ്ങളുടെയും ഇടവക വികാരി ഫാ.ജോസഫ് നിരപ്പേലിന്റെയും നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് പാകമായി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിനയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം കൃഷി ഭവനിൽ നിന്ന് ചെണ്ടുമല്ലി തൈകൾ ലഭിച്ചത്.
പള്ളിയുടെ മുൻഭാഗത്തെ പതിനഞ്ച് സെന്റ് സ്ഥലത്ത് നടത്തിയ കൃഷിക്ക് മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ഷിജിമോൾ മുട്ടുങ്കൽ, അനിമേറ്റർ സിസ്റ്റർ റെജീന എസ്കെഡി, സിസ്റ്റർ ജെസ്ന എസ്കെഡി, ഷാന്റി പുതുശേരി, റോസമ്മ മലയിക്കൽ, സിനി തെള്ളിക്കാനായിൽ, ഷൈനി വെങ്ങപ്പള്ളി, റെജി കുഴിത്തോട്ട്, ലിസ വാഴക്കാട്ട്, ഷീജ മുരിയങ്കാവിൽ, ഫിലോസ് പാംമ്പ്ലാനിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
പാടിയോട്ടുചാൽ: വയക്കരയിൽ ശിവദം ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വയക്കരയിൽ നടത്തിയ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജൻകുട്ടി നിർവഹിച്ചു. പെരിങ്ങോം കൃഷിഭവന്റെ സഹകരണത്തോടെ വയക്കരയിലെ ധന്യാ ശിവദാസന്റെ വീടിന്റെ മട്ടുപ്പാവിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. പഞ്ചായത്തംഗം ആർ. രാധാമണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.വി. തുഷാര, ഇ. ഷൈജു, കെ. പദ്മനാഭൻ, ടി.വി. സവിത, ധന്യ ശിവദാസൻ, എ.ടി.വി. ശിവദാസൻ, ലീല രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: ഓണത്തെ വരവേൽക്കാൻ പൂക്കൾ ഒരുക്കി വനിത സഹകരണ സംഘം. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരമാണ് വെള്ളോറ വനിതാ സഹകരണ സംഘം ടാഗോർ മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥലത്ത് വിപുലമായ ചെണ്ടുമല്ലി കൃഷി ചെയ്ത്. ഓണത്തിന് പൂക്കൾ വില്പന നടത്താൻ ഭരണസമിതി തീരുമാനിച്ചു . കഴിഞ്ഞ രണ്ടു തവണയായി സംസ്ഥാന സർക്കാറിന്റെ ബെസ്റ്റ് പെർമോമൻസ് അവാർഡ് കരസ്ഥമാക്കിയ സ്ഥാപനമാണ് വനിത സഹകരണ സംഘം.