ദൈവദാസൻ ഫാ. ആർമണ്ട് മാധവത്തിന്റെ കബറിടം സന്ദർശിച്ച് മാർ റാഫേൽ തട്ടിൽ
1450950
Friday, September 6, 2024 1:46 AM IST
ഇരിട്ടി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പട്ടാരം വിമലഗിരി അപ്പൂച്ചൻ ആശ്രമം സന്ദർശിച്ച് ദൈവദാസൻ ഫാ. ആർമണ്ട് മാധവത്തിന്റെ കബറിടത്തിൽ പ്രാർഥിച്ചു. കുന്നോ ത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ രജത ജൂബിലി വർഷത്തിന്റെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് മേജർ ആർച്ച് ബിഷപ് പട്ടാരത്തെത്തിയത്. കബറിടത്തിൽ പ്രാർഥിച്ച ശേഷം ഫാ. ആർമണ്ട് ഉപയോഗിച്ച മുറി, മ്യൂസിയം എന്നിവയും സന്ദർശിച്ചു.
കുടിയേറ്റക്കാർക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ഫാ. ആർമണ്ട് എന്നും ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത മാതൃക സ്വീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് ഞറളക്കാട്ട് , ആക്ടിംഗ് പ്രൊവിൻഷ്യാൾ പാവനാത്മ പ്രൊവിൻസ് ഫാ. വിനോദ് മാങ്ങാട്ടിൽ, പ്രൊവിൻഷ്യൽ കൗൺസിലർ ഫാ. ജോർജ് കുരുവിള, പാട്ടാരം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് തച്ചുകുന്നേൽ, നാമകരണ നടപടികളുടെ വൈസ് പ്രോസ്റ്റു ലേറ്റർ ഫാ. ജിതിൻ, ആശ്രമം മുൻ ഡയറക്ടർ ഫാ. വിൻസെന്റ് കുരിശുംമൂട്ടിൽ, മാടത്തിൽ പള്ളി വികാരി ഫാ. ജെയ്സൺ കോലാകുന്നേൽ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.