കണ്ണൂർ നഗരത്തിൽ ഹൗസിംഗ് കോളനിയിലെ മരത്തിൽനിന്ന് പെരുന്പാന്പിനെ പിടികൂടി
1450636
Thursday, September 5, 2024 12:59 AM IST
കണ്ണൂർ: നഗരത്തിലെ ഹൗസിംഗ് കോളനിയിലെ മരത്തിൽ കയറിക്കൂടിയ പെരുന്പാന്പിനെ അതിസാഹസികമായി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷം പിടികൂടി. കഴിഞ്ഞ നാലുദിവസമായി കക്കാട് പാലക്കാട് സ്വാമിമഠത്തിനടുത്ത പുഴാതി ഹൗസിംഗ് കോളനിക്കാരെ ഭീതിയിലാക്കിയ പെരുന്പാന്പിനെയാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്.
വനംവകുപ്പിന്റെ ലൈസൻസുള്ള മാർക്ക് സംഘടനയിലെ സ്നേക്ക് റസ്ക്യൂ അംഗങ്ങളായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കൽ എന്നിവരാണ് മരത്തിൽ കയറി പാന്പിനെ പിടികൂടിയത്. മരത്തിന്റെ മുകളിൽനിന്ന് പാന്പിനെ പിടികൂടി പ്രത്യേക സഞ്ചിയിലാക്കി കയറിൽ കെട്ടി താഴെ ഇറക്കുകയായിരുന്നു.
30 അടിയിലേറെ ഉയരമുള്ള വള്ളിപ്പടർപ്പുകളും പായലും നിറഞ്ഞ മരത്തിൽനിന്ന് മണിക്കൂറുകൾക്കു നേരത്തെ പരിശ്രമഫലമായാണ് പാന്പിനെ പിടികൂടാനായത്. ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച പാന്പ് പിടിത്തം ഉച്ചയ്ക്ക് 12.30 ഓടെയാണ് ഫലപ്രാപ്തിയിലെത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് താമസക്കാർ പെരുന്പാന്പിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചത്. വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചതിനെതുടർന്ന് രാത്രി തന്നെ മാർക്ക് അംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാലും മഴയായതിനാലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ എത്തി പിടികൂടുകയായിരുന്നു. രഞ്ജിത്ത് നാരായണൻ, റിയാസ് മാങ്ങാട്ട്പറന്പ്, ബിജിലേഷ് കോടിയേരി എന്നിവരും റസ്ക്യു സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പെരുന്പാന്പിനെ സംഘം തളിപ്പറന്പ് ഫോറസ്റ്റ് ഡിവിഷനിൽ ഏൽപ്പിച്ചു. വനംവകുപ്പ് ജീവനക്കാർ പിന്നീട് പാന്പിനെ അതിന്റെ ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു.