മട്ടന്നൂർ: കായലൂരിൽ പുലിയെ പോലെയുള്ള ജീവിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്നു വനംവകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ പുലിയുടെ കാൽപാടുകളല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റബർ തോട്ടത്തിൽ പകുതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തുകയും പിന്നീട് ഇവ കാണാതായതായും പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കായലൂർ പരിയാരം മദ്രസയ്ക്ക് സമീപത്തുള്ള വീട്ടുമുറ്റത്ത് ഒരു ജീവിയെ കണ്ടതായി വീട്ടുകാർ പറഞ്ഞു.
നാട്ടുകാർ വിവരം നൽകിയതിനാൽ വനം വകുപ്പ് അധികൃതർ പ്രദേശത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ പുലിയുടേതെന്ന് കരുതുന്നത് ഒന്നും കണ്ടെത്താനായില്ലെന്നും വീട്ടുകാർ കണ്ടത് കാട്ടുപൂച്ചയായിരിക്കാമെന്നും പറഞ്ഞതായി കൗൺസിലർ ഇ. ശ്രീജേഷ് പറഞ്ഞു. ഭയപ്പെടാനില്ലെന്ന് വനം വകുപ്പ് ജീവനക്കാരും പറഞ്ഞു. വനം വകുപ്പ് കൊട്ടിയൂർ റേഞ്ചിന്റെ കീഴിലുള്ള തോലമ്പ്ര സെക്ഷൻ ഓഫീസർ സി.കെ.മഹേഷ്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിതിൻ, രാമ്യ, ബാച്ചർ ഒ.സി. ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.