ആഘോഷ സീസണിൽ പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ
1444707
Wednesday, August 14, 2024 1:42 AM IST
മട്ടന്നൂർ: അവധിക്കുശേഷം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ. 15ന് ശേഷം ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചു വരെ ഇരട്ടിയാണ് വർധന. സാധാരണ 12,000 മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾ ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി.
ഓണക്കാലം കഴിയുന്നത് വരെ ഇനി ടിക്കറ്റ് നിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. എല്ലാ വർഷത്തെയും പോലെ പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാന കമ്പനികൾ. ഈ മാസം 25ന് ശേഷം കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് എയർഇന്ത്യ എക്സ്പ്രസിന് 35,000 രൂപ മുതൽ 50,000 രൂപ വരെയാണ് നൽകേണ്ടത്. സാധാരണ 15,000 രൂപ വരെയാണ് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ഇൻഡിഗോയ്ക്ക് ദോഹയിലേക്ക് 32,000 രൂപയാണ് 25ലെ നിരക്ക്. എയർഇന്ത്യ എക്സ്പ്രസിന് ബഹ്റിനിലേക്ക് 27ന് 54,145 രൂപയാണ് നിരക്ക്. 15000 മുതൽ 17000 രൂപ വരെയാണ് ബഹ്റിനിലേക്ക് സാധാരണ നല്കേണ്ടി വരാറുള്ളത്. 25,000 മുതൽ 28,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള ജിദ്ദയിലേക്ക് 28ലെ ടിക്കറ്റിന് 48,000 രൂപ നല്കണം. റിയാദിലേക്ക് 25നുള്ള ടിക്കറ്റ് നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയാണ് ഈടാക്കാറുള്ളത്.
ഓണം സീസൺ കണക്കിലെടുത്ത് സെപ്റ്റംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഉയർന്ന യാത്രാനിരക്ക് ഈടാക്കും. പെട്ടെന്ന് യാത്രയ്ക്ക് തയാറെടുക്കുന്നവർക്ക് തൊട്ടടുത്തുള്ള ദിവസത്തെ ടിക്കറ്റ് ലഭിക്കണമെങ്കിൽ അഞ്ചിരട്ടി വരെ തുക അധികം നല്കേണ്ടിവരും.
പ്രവാസി യാത്രക്കാരോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് പലതവണ സംസ്ഥാന സർക്കാരും ഇവിടുത്തെ എംപിമാരും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് പതിവുമറുപടി.
ആവശ്യം കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ വില കൂടുന്ന രീതി (ഡൈനാമിക് പ്രൈസിംഗ്) ആണ് നിലവിലുള്ളതെന്നും യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുമാണ് കേന്ദ്രമന്ത്രിമാർ വിശദീകരിക്കുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നൽകേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു. കണ്ണൂരിൽ സർവീസുകളുടെ എണ്ണം കുറവായതും നിരക്ക് ഉയർന്നു നില്ക്കാൻ കാരണമാണ്. അബുദാബി, ദോഹ സെക്ടറുകൾ ഒഴിച്ചു നിർത്തിയാൽ മറ്റിടങ്ങളിലേക്ക് എയർഇന്ത്യ എക്സ്പ്രസിന് മാത്രമാണ് സർവീസുള്ളത്. ഇതിൽ ബഹ്റിൻ, ജിദ്ദ, കുവൈറ്റ്, റിയാദ്, ദമാം, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് സർവീസ്.