ആലക്കോട് എൽഡിഎഫിന്റെ ശവമഞ്ച സമരം
1444706
Wednesday, August 14, 2024 1:42 AM IST
ആലക്കോട്: തിമിരി പൊതുശ്മശാനത്തിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ ആലക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതീകാത്മകമായി ശവമഞ്ചം സ്ഥാപിച്ചാണ് സമരം നടന്നത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജെയ്മി ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി. സാബു, എം.എസ്. മിനി, എം.കെ. പ്രദീപൻ, കെ. രാമചന്ദ്രൻ, ഡെന്നീസ് വാഴപ്പള്ളിൽ, പി.വി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ആലക്കോട് എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
എൽഡിഎഫ് സമരം
അപഹാസ്യം; പഞ്ചായത്ത് ഭരണസമിതി
തിമിരി വൈദ്യുത ശ്മശാനവുമായി ബന്ധപ്പെട്ടുള്ള എൽഡിഎഫ് സമരം അപഹാസ്യമെന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്. ആലക്കോട് പഞ്ചായത്ത് ഭരണസമിതി 2016ൽ തിമിരി വൈദ്യുത ശ്മശാനത്തിനു വേണ്ടി സിൽക്ക് അക്രഡിറ്റഡ് ഏജൻസി 72 ലക്ഷം രൂപ എസ്റ്റിമേറ്റ് തയാറാക്കി നൽകിയതാണ്.
എന്നാൽ, ഇതിനാവശ്യമായ തുക നീക്കിവയ്ക്കാൻ ആ വർഷം സാധിക്കാത്തതിനാൽ 2021ൽ പഞ്ചായത്തിന്റെ 16 ലക്ഷവും, ജില്ലാ പഞ്ചായത്തിന്റെ 16 ലക്ഷവും ഉപയോഗിച്ച് പുകക്കുഴലും, ഷെഡും, ടെർമിനലും പൂർത്തീകരിച്ചതാണ്. 2022ൽ വീണ്ടും പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി ഇന്റർലോക്ക്, ചുറ്റുമതിൽ, കുഴൽക്കിണർ എന്നിവയുടെ നിർമാണവും നടത്തി. തുടർന്നുള്ള വർഷങ്ങളിലും രണ്ടു തവണകളിലായി 4.2 ലക്ഷം ഉപയോഗിച്ച് ഗ്യാസ് സിലിണ്ടറുകൾ, പ്ലംബിംഗ്, വയറിംഗ് എന്നിവയുടെ നിർമാണവും നടത്തി. എന്നാൽ, കഴിഞ്ഞ ആറുമാസമായി ജില്ലാ പഞ്ചായത്ത് ടിഎസ് നല്കാത്തതിനാൽ ടെൻഡർ നടപടി ചെയ്യാൻ സാധിച്ചില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സിപിഎം നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജോജി കന്നിക്കാട്ട് പറഞ്ഞു.