രണ്ടു വർഷമായിട്ടും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചില്ല
1444704
Wednesday, August 14, 2024 1:42 AM IST
തളിപ്പറമ്പ്: അതിരൂക്ഷ കാലവർഷക്കെടുതി നേരിടുന്പോഴും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനു കീഴിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചില്ല. രണ്ടുവർഷം മുമ്പ് അടിസ്ഥാനസൗകര്യമെല്ലാം ഒരുക്കി ഇതിനായി സ്ഥാപിച്ച ഉപകരണങ്ങളെല്ലാം ഇതോടെ ഉപയോഗ ശൂന്യമാകുകയാണ്.
താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച് പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്നതായിരുന്നു സെന്ററിന്റെ ലക്ഷ്യം. അന്പതു വർഷത്തിലധികമായി തളിപ്പറമ്പ് താലൂക്ക് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്പെഷൽ ബ്രാഞ്ച് ഓഫീസും താലൂക്ക് ഓഫീസിന്റെ ഭാഗമായിരുന്ന ചെറിയ ഹാളും ഉൾപ്പെടുത്തിയാണ് തളിപ്പറമ്പിൽ എമർജൻസി ഓപ്പറേഷൻ സെന്റർ ആരംഭിച്ചത്.
വീഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. കംപ്യൂട്ടർ, അനുബന്ധ സാമഗ്രികൾ, കാമറ, ഹോട്ട് ലൈൻ, ഇന്റർനെറ്റ് എന്നിവയും സജ്ജമാക്കിയിരുന്നു.