ഓവുചാലില്ല; മഴ പെയ്താൽ ദുരിതത്തിലായി കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ്
1444700
Wednesday, August 14, 2024 1:42 AM IST
ഇരിട്ടി: ഓവുചാലില്ല മഴ പെയ്താൽ മറ്റുറോഡുകളിലെ വെള്ളം ഒഴുകിയെത്തി കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാർ ദുരിതത്തിൽ. മഴപെയ്താൽ വാഹന പരിശാധന ഉൾപ്പെടെ നടത്താൻ കഴിയാത്ത സാഹചര്യമാണ്. കനത്തമഴയിൽ പേരട്ട റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം അന്തർസംസ്ഥാന പാതയിലൂടെ ഒഴുകി എക്സൈസ് ചെക്പോസ്റ്റിനു മുന്നിലൂടെ ഒഴുകിയാണ് പുഴയിൽ ചേരുന്നത്.
മഴ ശക്തമായാൽ ചെക്പോസ്റ്റിന്റെ രണ്ട് പടികെട്ടു വരെ വെള്ളം ഉയരുന്നതോടെ ജീവനക്കാർക്ക് വെളിയിൽ ഇറങ്ങാൻ കഴിയാതെ വരുന്നു. വെള്ളത്തിലൂടെ പകരുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെ പിടിപെടുമോ എന്ന ഭീതിയിലാണ് ഉദ്യോഗസ്ഥർ. റോഡിൽ ബാരിക്കേഡ് മറിച്ചിട്ട് അതിന് മുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയുന്നത്.
തിരക്കേറിയ അന്തർസംസ്ഥാന പാതയിലൂടെ വെള്ളം ഒഴുകുന്നത് വാഹനങ്ങൾ അപകടത്തിൽപ്പെടാനും കാരണമാകും. വെള്ളം ഒഴുകുന്നത് സമീപത്തെ പോലീസ് ചെക്പോസ്റ്റിനും ഭീക്ഷണിയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് വസ്ത്രം ഉൾപ്പെടെ അഴുക്ക് പടരുന്നതിനും കാരണമാകുന്നു. പേരട്ട റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പ്രധാന പാതയിലേക്ക് എത്താതെ വഴിതിരിച്ചവിട്ടാൽ മാത്രമേ പ്രശ്നത്തിന് താത്കാലിക പരിഹാരം കാണാൻ കഴിയുകയുള്ളൂ.
വെള്ളം ഒഴുകിപ്പോകാൻ പേരട്ട റോഡിൽ മുൻപ് സ്ഥാപിച്ചിരുന്ന പൈപ്പ് ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിച്ച സമയത്ത് അടഞ്ഞുപോയതും വെള്ളക്കെട്ടിന് കാരണമാകുന്നു. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് റോഡിലെ വെള്ളക്കെട്ട് മാറ്റനായുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.