നിർമിത ബുദ്ധി ഉപയോഗത്തിനായി നിയമം വേണം: യൂത്ത് ഫ്രണ്ട്-എം
1444393
Tuesday, August 13, 2024 1:48 AM IST
കണ്ണൂർ: നിർമിത ബുദ്ധി (എഐ) സംവിധാനങ്ങളുടെ ഉപയോഗം വർധിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകടങ്ങൾ തടയുന്നതിന് സമഗ്ര നിയമനിർമാണം നടത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യന്ത്രങ്ങളെ ബുദ്ധിപരമാക്കുന്നതിനും മനുഷ്യരെപ്പോലെ പ്രവർത്തിപ്പിക്കുന്നതിനും നിർമിതബുദ്ധി ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ട്.
മനുഷ്യർ പ്രവർത്തിപ്പിക്കുന്ന യന്ത്രസംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിർമിതബുദ്ധി സംവിധാനങ്ങൾക്കും കഴിയും. ഇതുമൂലം രാജ്യത്ത് തൊഴിലാളികൾക്കു കൂട്ടത്തോടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. പുതിയ തൊഴിലവസരങ്ങൾക്കുള്ള സാധ്യതയും ഇല്ലാതെയാകും.
ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതിന് നിർമിത ബുദ്ധിയുടെ പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാർഗരേഖയും നിയമനിർമാണവും നടത്തേണ്ടത് അനിവാര്യമാണെന്നും, നിർമിത ബുദ്ധിയുടെ പ്രയോഗത്തെക്കുറിച്ചു വ്യാപകമായ ബോധവത്കരണ-പരിശീലന പരിപാടികൾ സർക്കാർതലത്തിൽ സംഘടിപ്പിക്കണമെന്നും കേരള യൂത്ത് ഫ്രണ്ട്-എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അമൽജോയി കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. ടോമിൻ തോമസ് പോൾ, റോഷൻ ഓലിക്കൽ, കിഷോർ ചൂരനോലി, കെ.കെ. വിനോദ്, ഷിന്റോ കൈപ്പനാനിക്കൽ, ലിന്റോ കുടിലിൽ, റോയി ജോസഫ്, ബിനോജ് മുകളേൽ, ജിസ് കവുന്നുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.