ചെമ്പേരിയിലെ വ്യാപാര മുന്നേറ്റങ്ങൾ
1444388
Tuesday, August 13, 2024 1:48 AM IST
മധ്യതിരുവിതാംകൂറിൽനിന്ന് വളക്കൂറുള്ള മണ്ണുതേടി വടക്കേ മലബാറിലേക്ക് കുടിയേറ്റം നടത്തിയ ആർക്കും തന്നെ വ്യാപാരം ഉപജീവനമാർഗമാക്കാമെന്ന ചിന്തയുണ്ടായിരുന്നില്ല. പൂർണമായും കൃഷിയെ ആശ്രയിച്ചിരുന്ന കുടിയേറ്റ കർഷകർ തങ്ങൾക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും കൃഷി ചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്നതിനും പതിനഞ്ചോളം കിലോമീറ്റർ അകലെയുള്ള ചെങ്ങളായി എന്ന ചെറുകിട കച്ചവടകേന്ദ്രത്തെയും മുപ്പത് കിലോമീറ്ററിലേറെ ദൂരമുള്ള തളിപ്പറമ്പ് ടൗണിനെയുമാണ് ആശ്രയിച്ചിരുന്നത്. അന്ന് അതീവദുർഘടമായ കാട്ടുവഴികളിലൂടെ സാധനങ്ങൾ തലച്ചുമടായി അവിടങ്ങളിൽ എത്തിക്കാനും അനുദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ അവിടെനിന്ന് വാങ്ങി കൊണ്ടുവരാനുമുള്ള ദുരിതാവസ്ഥക്ക് പരിഹാരമെന്ന നിലയിലാണ് ഏതാനും ആളുകൾ ചെമ്പേരിയിലെ നാൽക്കവലയിൽ ചെറിയ രീതിയിലുള്ള കച്ചവടങ്ങൾ ആരംഭിച്ചത്.
കടൂക്കുന്നേൽ അലക്സാണ്ടർ, തെക്കേടത്ത് പാപ്പച്ചൻ, മുക്കുഴിയിൽ മത്തായി, കാരക്കുന്നേൽ കുഞ്ഞേപ്പ്, കാര്യത്തിൽ ജോസഫ്, മണിമലത്തറപ്പിൽ പാപ്പച്ചൻ, കാവനാടിയിൽ കുഞ്ഞുമാണി എന്നിവരടക്കമുള്ള ആളുകളുടെ വിവിധ കച്ചവടങ്ങളും കൊട്ടാരത്തിൽ തോമസ് വൈദ്യരുടെ അലോപ്പതി ചികിത്സയും മടുക്കക്കുഴി ഇമ്മാനുവലിന്റെ ആയുർവേദ ശാലയും പൂവേലിൽ പി.ടി. വർക്കിയുടെ ഹോമിയോ ഡിസ്പെൻസറിയുമായിരുന്നു ചെമ്പേരിയുടെ വ്യാപാര വികസനത്തിന് തുടക്കം കുറിച്ചത്.
മലയോരമേഖലയിലെ മറ്റു ടൗണുകളിൽനിന്നു വ്യത്യസ്തമായി നാൽക്കവലയുടെ നടുവിൽ പരിശുദ്ധ ലൂർദ് മാതാവിനോടുള്ള വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമായ കപ്പേളയും നാലു ഭാഗത്തെയും റോഡുകളിൽനിന്ന് നിശ്ചിത അകലം പാലിക്കുന്ന കടമുറികളും പാലായിലും കാഞ്ഞിരപ്പള്ളിയിലും മറ്റുമുണ്ടായിരുന്ന ടൗൺ വികസനം നേരിൽക്കണ്ട് വളർന്നവർ ചെമ്പേരിയുടെ വികസനവും മുന്നിൽക്കണ്ടു കൊണ്ടായിരുന്നുവെന്ന് വ്യക്തം.
ചെമ്പേരിലേക്കുള്ള റോഡുകൾ മിക്കതും കാലാനുസൃതമായ വികസനം നേടിയെങ്കിലും മേഖലയിലെ വാഹനങ്ങളുടെ ബാഹുല്യം പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. ചെമ്പേരി പഴയൊരു കുടിയേറ്റ ഗ്രാമമെന്ന നിലയിൽനിന്ന് ഏറെ വളർന്ന് ചെറുപട്ടണമായി മാറിക്കഴിഞ്ഞു. ചെറുതും വലുതുമായി മുന്നൂറിലേറെ വ്യത്യസ്ത വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ കാര്യാലയങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോൺവന്റുകൾ, മലബാറിലെ തന്നെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ വിമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, അനുദിനം ഉയർന്നു വരുന്ന ആധുനിക ഭവനങ്ങൾ എന്നിവക്കൊപ്പം ഇനിയും കൂടുതൽ വികസന സാധ്യതകളും വളരുകയാണ്.
ചെമ്പേരിയിൽ ആദ്യം ചെറിയ തോതിൽ തുടങ്ങിയ പല വ്യാപാര സ്ഥാപനങ്ങളും ഇന്ന് ജില്ലയുടെ അകത്തും പുറത്തുമായി നിരവധി ശാഖകളോടെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രമുഖ കമ്പനി ഉത്പന്നങ്ങളുടെ മൊത്തവിതരണം നടത്തിവരുന്ന വ്യാപാരികളും ഇപ്പോൾ ചെമ്പേരിയിലുണ്ട്. ഇവരുടെ പക്കൽനിന്ന് കച്ചവട ഉത്പന്നങ്ങൾ വാങ്ങാൻ ഉൾഗ്രാമങ്ങലിൽനിന്ന് ചെറുകിട വ്യാപാരികളും ഇവിടെയെത്തുന്നത് വ്യാപാരമേഖലയിൽ പുത്തൻ പ്രതീക്ഷകളുണർത്തുന്നു. ചെമ്പേരിയിൽ കുടിയേറ്റത്തിനും കച്ചവടത്തിനും തുടക്കമിട്ടവരിൽ ആരും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ കണ്ട സ്വപ്നങ്ങളേക്കാൾ വളരെയേറെ മുന്നിലാണ് ഇന്നത്തെ ചെമ്പേരിയും വ്യാപാരികളും.