ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
1444345
Monday, August 12, 2024 10:13 PM IST
ഇരിട്ടി: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ഗ്രേഡ്- ഒന്ന് വട്ടക്കയം എളമ്പയിലെ സജിന നിവാസിൽ വി. സന്തോഷ് (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ തില്ലങ്കേരി കാവുംപടി അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം.
ലൈൻ ഓഫ് ചെയ്ത് വൈദ്യുത തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. താഴെ ഉണ്ടായിരുന്ന സഹപ്രവർത്തകരാണ് സന്തോഷിനെ ഷോക്കേറ്റ് ലൈനിൽ കുടുങ്ങിയ നിലയിൽ കാണുന്നത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രെയിൻ എത്തിച്ച് കുടുങ്ങിക്കിടന്ന സന്തോഷിനെ പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ലൈൻ ഓഫ് ചെയ്താണ് പ്രവൃത്തി നടത്തിയതെന്നും ലൈനിൽ വൈദ്യുതി എങ്ങനെയെത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെഎസ്ഇബി കാക്കയങ്ങാട് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ കെ.കെ. പ്രമോദ് കുമാർ അറിയിച്ചു. ജനറേറ്ററിൽ നിന്നോ ഇൻവെട്ടറിൽ നിന്നോ വൈദ്യുതി ലൈനിൽ എത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. 2023ൽ ഇരിട്ടി മേഖലയിൽ വി.ജി. സാബു എന്ന കെഎസ്ഇബി ജീവനക്കാരനും ഷോക്കേറ്റ് മരിച്ചിരുന്നു.
മുഴക്കുന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രിയിലെത്തി. മട്ടന്നൂർ മുതലക്കലിലെ പുതുക്കളത്തിൽ ഹൗസിൽ സി. കുഞ്ഞിരാമൻ- വി.വി. കൗസല്യ ദന്പതികളുടെ മകനാണ് സന്തോഷ്. ഭാര്യ: സജിനി. മക്കൾ: ദേവനന്ദ, വൈഗ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബാബു, സുഭാഷ് (ഇരുവരും ഓട്ടോഡ്രൈവർമാർ), സുമിത്ര, അനുപമ.