പെരുവംപറമ്പ്-നെല്ലിക്കാംപൊയിൽ റോഡ് അതിർത്തി അളവ് തുടങ്ങി
1444057
Sunday, August 11, 2024 7:19 AM IST
ഇരിട്ടി: തകർന്നു കിടക്കുന്ന നെല്ലിക്കാംപൊയിൽ-പെരുവംപറമ്പ് റോഡ് നിർമാണ പ്രവൃത്തിക്ക് മുന്നോടിയായി അതിർത്തി നിർണയം തുടങ്ങി. ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെയും പടിയൂർ, പായം, ഉളിക്കൽ പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന 5.86 കിലോമീറ്റർ ദൂരം വരുന്ന റോഡ് പതിറ്റാണ്ടുകളായി തകർന്നു കിടക്കുകയാണ്.
റോഡ് അതിർത്തി പങ്കിടുന്ന നിയമസഭ മണ്ഡലങ്ങളിൽ നിന്നുള്ള രണ്ട് എംഎൽഎമാർ മന്ത്രിമാരായെങ്കിലും റോഡ് നവീകരണം നടന്നിരുന്നില്ല. ഇപ്പോൾ 30.97 കോടി രൂപയുടെ കരാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ അതിർത്തി നിർണയം നടത്തുന്നത്.10 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമിക്കുന്നത്. ഇതിൽ ഒരുഭാഗം പഴശി ജലസേചന പദ്ധതിയുടെ സംഭരണി പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നത്.
പായം പഞ്ചായത്ത് അതിരിടുന്ന പ്രദേശത്തിന്റെ സർവേ നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. റോഡ് യാഥാർഥ്യമാവുന്നതോടെ ഉളിക്കലിൽ നിന്നും പഴശി പദ്ധതി പ്രദേശത്തേക്കും വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും.
കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, കാലാങ്കി എന്നിവിടങ്ങളിൽ എളുപ്പത്തിലെത്താനും റോഡ് ഉപകരിക്കും.