ദുരിതബാധിതർ ക്യാമ്പ് വിട്ട് വീട്ടിലേക്ക് മടങ്ങി
1442635
Wednesday, August 7, 2024 1:56 AM IST
കണിച്ചാർ: കനത്ത മഴയ്ക്ക് ശമനമായതോടെ മലയോര മേഖലയിലെ അന്പതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങി. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സെന്റ് മേരീസ് പാരിഷ് ഹാളിൽ നിന്ന് കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ 50 ഓളം കുടുംബങ്ങളാണ് സ്വന്തം വീടുകളിലേക്കു മടങ്ങിയത്.
ഉരുൾപൊട്ടലിലും ഭൂമി വിള്ളലുമുണ്ടായതിനെ തുടർന്ന് 27 കുടുംബങ്ങളാണ് കേളകം പഞ്ചായത്തിലെ ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നും സെമിനാരി വില്ലയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നുമാണ് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി വെള്ളറ മേഖലയിലെ 25 ഓളം കുടുംബങ്ങൾ ക്യാമ്പിലും ഇരുപതോളം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും മാറിയത്.
കഴിഞ്ഞമാസം 31നാണ് ക്യാമ്പ് തുടങ്ങിയത്. കളക്ടറുടെ നിർദേശാനുസരണമാണ് ക്യാമ്പ് അവസാനിപ്പിച്ചതെന്നും പൂളക്കുറ്റി മേഖലയിലെ ഭീതി ഉളവാക്കുന്ന അന്തരീക്ഷത്തിന് ശമനമുണ്ടായിട്ടുണ്ടെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും കിറ്റുകൾ സമ്മാനിച്ചാണ് പഞ്ചായത്ത്-റവന്യു അധികൃതർ കുടുംബങ്ങളെ വീട്ടിലേക്ക് യാത്രയാക്കിയത്.
സഹായം നൽകി
കണിച്ചാർ: പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങൾക്ക് സഹായം നൽകി. കണ്ണൂർ രൂപത കനേഷ്യൻ സഭാംഗം ഫാ. ശ്യാമിന്റെ നേതൃത്വത്തിലാണ് സഹായങ്ങൾ നൽകിയത്. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷോജറ്റ് ചന്ദ്രൻകുന്നേൽ, വില്ലേജ് അസിസ്റ്റന്റ് മുകേഷ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.