ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം
1442627
Wednesday, August 7, 2024 1:56 AM IST
പെരുമ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ എളമ്പേരം മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. കവുങ്ങിന്റെ ചുവട്ടിലെ തണ്ട് ഉൾപ്പെടെ ഇവ തിന്ന് നശിപ്പിക്കുകയാണ്. കപ്ളം, ചെറിയ റബർ തൈകൾ കറയുള്ള ചെറുമരങ്ങൾ മുതൽ കാന്താരി ചീനി വരെ ആഫ്രിക്കൻ ഒച്ച് തിന്ന് നശിപ്പിക്കുന്നതിൽ പെടുന്നു. പൂച്ചെടികൾ, പച്ചക്കറികൾ, ചേന തുടങ്ങിയവയെല്ലാം ഇവ നശിപ്പിക്കുന്നു. ഉപ്പുവിതറുമ്പോൾ ഒച്ച് ചത്ത് പോകുന്നുണ്ട്. വീടിനകത്തും പുറത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. കിണറുകളിലടക്കം ഒച്ചാണ്.
ഇരുട്ടു വീണാൽ പ്രദേശമാകെ ഒച്ചുകൾ കീഴടക്കും. സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുമെങ്കിലും ഇതെല്ലാം സഹിച്ചാണു വീട്ടുകാർ കഴിയുന്നത്. ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചില തിന്നു ദിവസങ്ങൾക്കുള്ളിൽ വലുപ്പം വയ്ക്കും. വാഴ, കപ്പ, പപ്പായ, നെല്ലി, പുളി തുടങ്ങിയവയുടെ പച്ചിലകളെല്ലാം വ്യാപകമായി തിന്നു നശിപ്പിച്ചതോടെ വീട്ടുകാർ വിഷമാവസ്ഥയിലായി. മരങ്ങളിലും ഇവ വ്യാപിക്കുന്നുണ്ട്. വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയൊക്കെ ഇവ എത്തുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ട്. ഒരു മാസത്തിലേറെയായി ഒച്ചുകളുടെ ശല്യം രൂക്ഷമായിട്ട്.
പുകയില തുരിശ് മിശ്രിതം തളിക്കുന്നതാണ് ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള പ്രധാന മാർഗം. ഒച്ചുകൾ വീടിന്റെ പരിസരത്തും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്തു തളിക്കുക.
ജൈവ അവശിഷ്ടങ്ങൾ കൂട്ടി ഇടരുത്. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിക്കളയണം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കിക്കൊടുക്കണം.
ശ്രദ്ധിക്കാൻ
ഗ്ലൗസ് ഉപയോഗിക്കാതെ ആഫ്രിക്കൻ ഒച്ചിനെ തൊടരുത്. ഒച്ചിന്റെ ശരീരത്തിൽനിന്നു വരുന്ന ദ്രവം മനുഷ്യശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.
ഒച്ചിന്റ ദ്രവവും കാഷ്ഠവും പറ്റിപ്പിടിക്കാനിടയുള്ളതിനാൽ നന്നായി കഴുകിയും വേവിച്ചും മാത്രമേ പച്ചക്കറികൾ കഴിക്കാവൂ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.