തട്ടുമ്മൽ കൂവക്കരമല സബ് കളക്ടർ സന്ദർശിച്ചു
1442376
Tuesday, August 6, 2024 1:44 AM IST
ചെറുപുഴ: തട്ടുമ്മൽ കൂവക്കരമലയിൽ കെഎസ്ഇബിയുടെ ടവർ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സബ് കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം തട്ടുമ്മൽ കൂവക്കരമല സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. മാസങ്ങൾക്കു മുന്പ് മറ്റൊരു സംഘം കോടതി ഉത്തരവു പ്രകാരം സ്ഥലപരിശോധന നടത്തിയിരുന്നു. തുടർന്ന് കെഎസ്ഇബിയുടെ ടവർ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ഹിൽ സ്റ്റാർ സ്റ്റോൺസ്, എല്ലോറ സ്റ്റോൺസ് എന്നിവയുടെ മാനേജിംഗ് പാർട്ണറായ ശങ്കർ ടി. ഗണേഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥനത്തിലാണ് തലശേരി സബ് കളക്ടർ സന്ദീപ് കുമാർ, പയ്യന്നൂർ തഹസിൽദാർ ആർ. ജയേഷ്, കെഎസ്ഇബി ചീഫ് എൻജിനിയർ കോഴിക്കോട് എസ്. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ടവർ നിർമിക്കേണ്ട സ്ഥലത്തെത്തി സബ് കളക്ടർ ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കി. ക്വാറി വിരുദ്ധ സമിതി നേതാക്കളുമായും നിർദിഷ്ട ക്വാറി ഉടമസ്ഥരോടും സബ് കളക്ടർ സംസാരിച്ചു. ഇരുകൂട്ടർക്കുമുള്ള പരാതി എഴുതി നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.
സ്ഥല പരിശോധനയുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നൂറുകണക്കിനാളുകളും സ്ഥലത്തെത്തിയിരുന്നു. മുന്നോടിയായി നടന്ന ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിൽ പഞ്ചായത്തംഗം എ.സി. സന്തോഷ്, വി.വി. കണ്ണൻ, ടി.പി. ചന്ദ്രൻ, എ.വി. ജോസഫ്, ജോസഫ് പൂച്ചാലിൽ, റഫീഖ് അമാനി, വി.വി. മുഹമ്മദ് കുഞ്ഞി, ടി.പി. ബീന, കെ. പദ്മിനി എന്നിവർ പ്രസംഗിച്ചു.