വാതിൽമടക്കാർ കാത്തിരിക്കുന്നു യാത്ര ചെയ്യാൻ ഒരു ബസിനായി
1442089
Monday, August 5, 2024 1:56 AM IST
പയ്യാവൂർ: ഇരിക്കൂർ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന വാതിൽമട ഭൂദാനം കോളനിവാസികൾ ഒരു ബസ് സർവീസിനായുള്ള കാത്തിരിപ്പ് തുടരുന്നു. ബസ് സർവീസ് ഇല്ലാത്തതു കാരണം യാത്രയ്ക്ക് പയ്യാവൂരിൽ നിന്നുള്ള ജീപ്പ് സർവീസ് മാത്രമാണ് ഇവരുടെ ഏകആശ്രയം.
ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി സജീവ് ജോസഫ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞവർഷം നവംബറിൽ വാതിൽമട-പയ്യാവൂർ-കാഞ്ഞിലേരി-ശ്രീകണ്ഠപുരം റൂട്ടിൽ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ, റോഡിന്റെ തകർച്ചയുടെ പേരിൽ സർവീസ് നിർത്തിയിരിക്കുകയാണ്.
രാവിലെ 7.10ന് പയ്യാവൂരിൽനിന്ന് വാതിൽമടയിലേക്കും 7.30ന് വാതിൽമടയിൽനിന്ന് പയ്യാവൂർ-കാഞ്ഞിലേരി വഴി ശ്രീകണ്ഠപുരത്തേക്കുമാണ് സർവീസ് നടത്തിയിരുന്നത്. പട്ടികവർഗ വിഭാഗക്കാർ വാതിൽമടയിലെ ഭൂദാനം കോളനിയോട് അധികൃതർ കാട്ടുന്ന അവഗണനയാണ് ബസ് സർവീസ് നിർത്തലാക്കുന്നതിലേക്ക് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.