സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം നൽകി സഹോദരങ്ങൾ മാതൃകയായി
1442083
Monday, August 5, 2024 1:56 AM IST
മട്ടന്നൂർ: സൈക്കിൾ വാങ്ങണമെന്ന ആഗ്രഹത്തോടെ സ്വരൂപിച്ച പണം ദുരിതമനുഭവിക്കുന്നവർക്ക് നൽകി സഹോദരങ്ങൾ മാതൃകയായി.
പഴശി സുബുലു സലാം മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിയും പഴശി റഷീഘറിലെ റുമൈസയുടെയും പാലോട്ടുപള്ളി സ്വദേശിയും പ്രവാസിയുമായ സുബൈറിന്റെയും മക്കളായ മുഹമ്മദ് റാസിയും സഹോദരി രണ്ടാം ക്ലാസുകാരി സഹ്റ ഫാത്തിമയുമാണ് ഒരു ബോക്സിൽ ഏറെ കാലമായി സ്വരൂപിച്ച് വച്ചിരുന്ന പണം പ്രയാസമനുഭവിക്കുന്ന വയനാട്ടുകാരെ സഹായിക്കാൻ സമസ്ത സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നൽകിയത്.
മദ്രസയിലേക്ക് 2453 രൂപയടങ്ങിയ കവറുമായി വന്ന് ഉസ്താദുമാരെ ഏല്പിക്കുകയായിരുന്നു. മഹല്ല് ഖത്വീബ് മുഹമ്മദ് ഫൈസി ഇർഫാനി, മഹല്ല് സെക്രട്ടറി കെ.കെ. അബ്ദുൾ സലാം, സദർ ഉസ്താദ് അബ്ദുള്ള ഫൈസി, അസിസ്റ്റന്റ് സദർ ഹാരിസ് ജമാലി, ഷാഫി ദാരിമി, നിസാർ ഉസ്താദ് തുടങ്ങിയവർ പങ്കെടുത്തു.
സമസ്തയുടെ വയനാട് ഫണ്ടിലേക്ക് പഴശി മഹല്ല് കമ്മിറ്റി കഴിഞ്ഞ വെള്ളിയാഴ്ച്ച സ്വരൂപിച്ച 33,333 രൂപയും കുട്ടികളുടെ സഹായമായ 2453 രൂപയും കൂട്ടി 35786 രൂപ സമസ്ത ഫണ്ടിലേക്ക് കൈമാറും.