ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1442024
Sunday, August 4, 2024 10:40 PM IST
തലശേരി: ചിറക്കര തിരുവങ്ങാട് സ്കൂൾ റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താനായില്ല. ബംഗളൂരു മണിപ്പാൽ ആശുപത്രി ജീവനക്കാരൻ പുന്നോൽ കുറിച്ചിയിൽ പള്ളിക്കുന്നിലെ ന്യൂ മീത്തൽ പറക്കാട്ട് വീട്ടിൽ ബസാഹിറാണ് (26) മരിച്ചത്. ഇടയിൽപീടിക ശ്രീനാരയാണ മഠത്തിന് സമീപം കുറ്റിപ്പോയിൽ താഴെ കുനിയിൽ വീട്ടിൽ വൈഷ്ണവിനെയാണ് (24) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ബസാഹിർ മരിച്ചു.
വൈഷ്ണവിന്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂത്തുപറന്പിലെ ഒരു കല്യാണ വീട്ടിൽനിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഇവർ അപകടത്തിൽപെട്ടത്. തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നോൽ മീത്തലെ ജുമാ അത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും പുന്നോൽ മുസ്ലിം ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ മീത്തൽ പറക്കാട്ട് ബഷീർ-ചിറക്കര കെ.ടി.പി. മുക്കിലെ അസ്മ മൻസിലിൽ ടി.കെ. സമീറയുടെയും മകനാണ് ബസാഹിർ. സഹോദരൻ: ബാസിൽ (സൗദി).