ടെലികോം, ഇഡി ചമഞ്ഞ് പയ്യന്നൂരിലെ ഡോക്ടറുടെ 3.72 ലക്ഷം തട്ടി
1441975
Sunday, August 4, 2024 7:57 AM IST
പയ്യന്നൂര്‍: ടെലികോം ഡിപ്പാര്‍ട്ടുമെന്റ്, എന്‍ഫോഴ്സ് ഡയറക്ടറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി പയ്യന്നൂരിലെ ഡോക്ടറുടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. വെള്ളൂര്‍ ചേനോത്ത് താമസിക്കുന്ന ഡോ. സി. ശ്രീകുമാറിന്റെ പരാതിയിൽ രാഹുല്‍, എസ്ഐ സുനില്‍കുമാര്‍ മിശ്ര എന്നിവര്‍ക്കും മറ്റൊരു അജ്ഞാതനുമെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടോടെയാണു പരാതിക്കാസ്പദമായ സംഭവം.
+918897910331 എന്ന നമ്പറില്‍നിന്നും വാട്സ് ആപ്പിലാണ് എസ്ഐ സുനില്‍ മിശ്രയെന്നയാള്‍ ഡോക്ടറുമായി ബന്ധപ്പെട്ടത്. തങ്ങള്‍ ടെലികോം ഡിപ്പാര്ട്ടുമെന്റെിലേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനു കളമൊരുക്കിയത്. ഡോക്ടറുടെ അക്കൗണ്ടില്‍ അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതായും ഇഡിയുടെ നടപടിയൊഴിവാക്കുന്നതിനായി തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് ഫോണിലൂടെ അറിയിച്ചത്.
ഇഡിയുടെ നടപടികൾ ഒഴിവാക്കുന്നതിന് അക്കൗണ്ടിലെ മുഴുവന്‍ പണവും ഫെഡറല്‍ ബാങ്കിന്റെ ചെന്നൈ ബ്രാഞ്ചിലെ 23180200004813 എന്ന അക്കൗണ്ടിലേക്ക് ആര്‍ടിജിഎസ് വഴി അയയ്ക്കണമെന്നും നിർദേശിച്ചു. പരിശോധനയ്ക്കുശേഷം 24 മണിക്കൂറിനുള്ളില്‍ പണം തിരികെ അയയ്ക്കുമെന്നായിരുന്നു പറഞ്ഞത്. ഇക്കാര്യം വിശ്വസിച്ച ഡോക്ടർ രണ്ടുതവണകളിലായി അയച്ച 3, 72, 000 രൂപ സ്വീകരിച്ച പ്രതികള്‍ പണം തിരിച്ച് നല്‍കാതെ വഞ്ചിക്കുകയായിരുന്നു. സംഭവത്തിൽ വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് പ്രകാരവും ആണ് പോലീസ് കേസെടുത്തത്.