ബലിതർപ്പണം നടത്തി ആയിരങ്ങൾ
1441970
Sunday, August 4, 2024 7:51 AM IST
കണ്ണൂർ: കർക്കടക വാവ് ബലി ദിനമായ ഇന്നലെ പിതൃതർപ്പണം നടത്തി ആയിരങ്ങൾ. കണ്ണൂർ ജില്ലയിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽ തന്നെ ബലിതർപ്പണം തുടങ്ങി യിരുന്നു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടേയും നേതൃത്വത്തിൽ ഒരുക്കിയ ബലിതർപ്പണ ചടങ്ങിൽ സ്ത്രീകളും കുട്ടികളമടക്കം നിരവധി പേരാണ് എത്തിയത്. എന്നാൽ, പ്രതികൂല കാലാവസ്ഥയും മുന്നറിയിപ്പും കാരണം സാധാരണയുള്ള പതിവ് തിരിക്ക് ഇന്നലെ കാണാനായില്ല.
കണ്ണൂർ പയ്യാന്പലം കടപ്പുറത്ത് വാവുബലി ചടങ്ങുകൾക്കായി ഇന്നലെ പുലർച്ചെ മൂന്നു മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാന്പലത്ത് താവക്കര വലിയവളപ്പിൽ കാവ്, സേവാഭാരതി, ശ്രേഷ്ഠാചാര്യ സഭ തുടങ്ങിയവർ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ബലിതർപ്പ ണത്തിനായി നിരവധി പേരെത്തി. ആദികകടലായി ശ്രീകൃഷ്ണ ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറന്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവടങ്ങളിലെല്ലാം നിരവധിപേർ ബലിതർപ്പണത്തിനെത്തി.
കിഴൂർ മഹാദേവ-മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിലെ ബാവലിപ്പുഴക്കരയിൽ നടന്ന പിതൃതർപ്പണത്തിന് നീലകണ്ഠൻ നന്പീശൻ, തന്പാൻ നന്പീശൻ എന്നിവർ കാർമികത്വം വഹിച്ചു. ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി പുഴയോരത്ത് നടത്തിയ ചടങ്ങുകൾക്ക് സജീവൻ തന്ത്രി കാർമികത്വം വഹിച്ചു.
ഇരിട്ടി എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ കെ.വി. അജി, പി.എൻ. ബാബു, കെ.കെ. സോമൻ, പി.ജി. രാമകൃഷ്ണൻ, ജിൻസ് ഉളിക്കൽ, വിജയന് ചാത്തോത്ത്, ഗോപി കോലഞ്ചിറ, രാധാമണി ഗോപി, സതി മുകുന്ദൻ, ചന്ദ്രബോസ് എടക്കാനം, സുമതി വിജയൻ, രവിന്ദ്രൻ വള്ളിത്തോട് എന്നിവർ നേതൃത്വം നൽകി. തന്തോട് ചോംകുന്ന് ശിവക്ഷേത്രസങ്കേതത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഹരിശങ്കർ, ഉണ്ണികൃഷ്ണൻ എന്നിവർ കാർമികത്വം വഹിച്ചു.
പോലീസ്, അഗ്നിരക്ഷാസേന, കോസ്റ്റ്ഗാർഡ്, ലൈഫ് ഗാർഡ് തുടങ്ങിയ സേനകളുടെ കനത്ത സുരക്ഷയും ഇവിടങ്ങളിൽ ഒരുക്കിയിരുന്നു.
സമസ്തകേരള വാര്യർ സമാജം മട്ടന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലൂർ ഐക്കുളത്തിൽ ബലിതർപ്പണം നടത്തി. ഉണ്ണികൃഷ്ണവാര്യർ പട്ടാന്നൂർ കർമങ്ങൾ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് എ. രാമകൃഷ്ണവാര്യർ, സി.എം. ഉണ്ണികൃഷ്ണവാര്യർ, ഒ.വി. അനൂപ്, ഉണ്ണികൃഷ്ണൻ, ചാവശേരി, എ.എം. ശ്രീഹരി, എന്നിവർ നേതൃത്വം നൽകി.
കല്ലൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പ്രത്യേക പൂജയും തൊഴുത് പ്രാർഥിക്കാൻ സൗകര്യവും ലഘുഭക്ഷണവും സംഘാടകർ ഏർപ്പെടുത്തി. വയനാട് പ്രകൃതി ക്ഷോഭത്തിൽ മരിച്ചവർക്കും അന്ത്യാഞ്ജലിയർപ്പിച്ചു.