ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചില്ല; കെഎസ്ഇബി ജീവനക്കാരെ തടഞ്ഞു
1435589
Saturday, July 13, 2024 1:38 AM IST
ഇരിട്ടി: അപകടാവസ്ഥയിലായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. ചെടിക്കുളം ടൗണിൽ 25 വർഷം മുമ്പ് സ്ഥാപിച്ച ട്രാൻസ്ഫോർമർ മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.പി. മേരിക്കുട്ടി, ജെസി ഉമ്മിക്കുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞ് തിരിച്ചയച്ചത്. അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു കെഎസ്ഇബി ജീവനക്കാർ.
അപകടാവസ്ഥയിലായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്തതിനെതിരേ വൈദ്യുതി ബോർഡ് ഡയറക്ടർക്ക് വരെ നേരത്തെ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ടൗണിൽനിന്ന് 100 മീറ്റർ മാറി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവാകുമെന്നും ഇതാണ് മാറ്റുന്നതിന് തിരിച്ചടിയെന്നുമാണ് നാട്ടുകാർ പറയുന്നത്.
പ്രതിഷേധം അറിഞ്ഞെത്തിയ കെഎസ്ഇബി എടൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയറും പോലീസും ജനവികാരം മനസിലാക്കി പ്രശ്നം ഉന്നതതലത്തിൽ അറിയിക്കാമെന്ന് പറഞ്ഞ് പിന്മാറുകയായി രുന്നു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജനകീയ പൗരസമിതിയുടെ പേരിൽ ഒപ്പുശേഖരണവും ആരംഭിച്ചു.