ജൽജീവൻ പദ്ധതി വെള്ളത്തിലാകുമോ ?
1435586
Saturday, July 13, 2024 1:38 AM IST
പെരുമ്പടവ്: കഴിഞ്ഞ വേനലിൽ മലയോരത്ത് മുന്‍പെങ്ങുമില്ലാത്ത വിധം ശുദ്ധജലക്ഷാമമാണ് അനുഭവപ്പെട്ടത്. വെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നവരും വിലകൊടുത്തു വാങ്ങുന്നവരുമൊക്കെ വേനല്‍ക്കാലത്തെ ദുരിതകാഴ്ചകളായിരുന്നു. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതിനാല്‍ ഭൂമിയുടെ ഘടനാപരമായ വ്യത്യാസമില്ലാതെ പലസ്ഥലങ്ങളിലും കുഴല്‍ക്കിണറുകള്‍ വരെ വറ്റി. ജലവിഭവ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജലവിതരണ പദ്ധതികളില്‍ ഭൂരിഭാഗവും നാട്ടുകാര്‍ക്കു പ്രയോജനപ്പെട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജൽജീവന്‍ മിഷന് പദ്ധതിയും വെള്ളത്തിൽ വരച്ച രേഖപോലെ ആയിരിക്കുകയാണ്. 2021ലാണ് ജൽജീവന്‍ മിഷന് പദ്ധതി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ആരംഭിച്ചത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചിന് മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ പല കാരണങ്ങളാല്‍ വൈകി.
സമയപരിധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കരാറുകാര്‍ക്ക് ബില്ല് മാറ്റി കിട്ടാത്തിനാല്‍ പണികള്‍ മുടങ്ങി കിടക്കുന്ന സാഹചര്യമാണുളളത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ തിമിരി, വെള്ളാട് വില്ലേജുകളിലെ പഞ്ചായത്ത് റോഡുകളിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ചാലുകൾ നിർമിക്കുകയും പലസ്ഥലങ്ങളിലും പൈപ്പിട്ട് ചാലുകൾ മൂടുകയും ചെയ്തിരുന്നു. എന്നാൽ കാലവർഷത്തിൽ മണ്ണ് ഒഴുകിപ്പോയി വീണ്ടും ചാലുകൾ രൂപപ്പെട്ട നിലയിലാണ്.
ഇവിടങ്ങളിൽ പല സ്ഥലങ്ങളിലും നിത്യേന വാഹനാപകടങ്ങൾ പതിവായി. പൈപ്പ് ഇടുന്നതിന് വേണ്ടി നിർമിച്ചിരിക്കുന്ന ചാലുകൾ മൂടി വീണ്ടും അതിനുമുകളിൽ കോൺക്രീറ്റ് പോലെ ബലവത്തായ രീതിയിൽ റോഡ് പുനർനിർമിക്കമെന്നതാണ് ചട്ടമെങ്കിലും എവിടെയും പാലിക്കപ്പെട്ടിട്ടില്ല. ജൽജീവൻ പദ്ധതിയുടെ പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായെങ്കിലും ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്. പ്രവൃത്തി ഉടൻ തുടങ്ങുമെന്ന മറുപടി പറയാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇനിയും ലക്ഷങ്ങൾ ചിലവഴിച്ച് പണിയുമായി മുന്നോട്ടുപോകാൻ സാധിക്കുന്നില്ലായെന്നും കരാറുകാരൻ പറയുന്നു.
66 കോടിയുടെ പദ്ധതിയാണ് തിമിരി വില്ലേജിൽ മാത്രം നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിലും സംസ്ഥാന സർക്കാർ തുക അനുവദിക്കുന്നില്ലെന്നുള്ള ആക്ഷേപമാണ് നിലവിലുള്ളത്. കുടിവെള്ള വിതരണത്തിനായി കൊണ്ടുവന്ന് സ്വകാര്യഭൂമികളിൽ സൂക്ഷിച്ചിരിക്കുന്ന പൈപ്പുകൾ പലസ്ഥലത്തും കാടുകയറിയ നിലയിലാണ്. കുടിവെള്ള സംഭരണത്തിനായി നിർമിക്കുന്ന സംഭരണികളുടെ പ്രവൃത്തി പാതിവഴിയിൽ നിലച്ചു.