പയ്യാവൂരിലെ സൗരോർജ തൂക്കുവേലി പരാജയം; അന്വേഷണം വേണമെന്ന് കർഷക കോൺഗ്രസ്
1435053
Thursday, July 11, 2024 1:31 AM IST
പയ്യാവൂർ: മലയോര കർഷകരെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞ വർഷം പയ്യാവൂർ പഞ്ചായത്തിലെ വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലി വൻപരാജയമാണെന്ന് കർഷക കോൺഗ്രസ്. അഴിമതി നടത്താൻ മാത്രം നടപ്പാക്കിയ പദ്ധതിയായി ഇത് മാറിയെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ ആരോപിച്ചു.
ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ ചേർന്ന കർഷക കോൺഗ്രസ് ഇരിക്കൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ നിർമാണമാണ് നടത്തിയതെന്നും ഇക്കാര്യം തുടക്കത്തിൽ തന്നെ അറിയിച്ചിട്ടും ബന്ധപ്പെട്ടവർ പരിഹരിച്ചില്ലന്നും കെ.സി. വിജയൻ ആരോപിച്ചു. വന്യമൃഗങ്ങൾ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പാടാംകവല ഫോറസ്റ്റ് ഓഫീസിന് തൊട്ടടുത്തുവരെ കഴിഞ്ഞ ദിവസം കാട്ടാനകൾ എത്തിയിരുന്നു.
ഇവിടുത്തെ പള്ളിയിലെ വികാരി കഴിഞ്ഞവർഷം കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ചന്ദനക്കാംപാറ ടൗണിൽ വരെ കാട്ടാനക്കൂട്ടം എത്തിയിട്ടും അധികൃതർ വേണ്ടത്ര ഗൗരവത്തില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റോയി ഈറ്റക്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ജോസ് പൂമല, സംസ്ഥാന സെക്രട്ടറിമാരായ എം.ഒ.ചന്ദ്രശേഖരൻ, ജോസ് പറയങ്കുഴി, ജില്ലാ സെക്രട്ടറിമാരായ സെബാസ്റ്റ്യൻ വിലങ്ങോലിൽ, അലക്സാണ്ടർ കുഴിയാത്ത്, ബെന്നി മാപ്പിളക്കുന്നേൽ, സി.പി.സാബു, ജോസ് പന്നിയാംമാക്കൽ, മണ്ഡലം പ്രസിഡന്റുരായ ദാമോദരൻ പുത്തൂർ, ജയ്സൺ നെല്ലിക്കാത്തടത്തിൽ, ജോസഫ് അറയ്ക്കപ്പറമ്പിൽ, എം.കെ.ബാലകൃഷ്ണൻ, ജോയി പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.