പയ്യന്നൂർ മൾട്ടിപർപ്പസ് സ്റ്റേഡിയം: കിറ്റ്കോയെ ഒഴിവാക്കി പുതിയ ഏജൻസിയെ നിശ്ചയിക്കും
1435046
Thursday, July 11, 2024 1:31 AM IST
പയ്യന്നൂർ: കിഫ്ബിയിൽ നിന്ന് 13.4 കോടി രൂപയുടെ അനുമതിയിൽ ആരംഭിച്ച പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിക്കുന്നതിനായി നിലവിലുള്ള നിർവഹണ ഏജൻസിയായ കിറ്റ്കോയെ മാറ്റി മറ്റൊരു ഏജൻസിയെ ഏൽപ്പിച്ച് നിർമാണം ത്വരിതഗതിയിലാക്കുവാൻ തീരുമാനിച്ചതായി ടി.ഐ. മധുസൂദൻ എംഎൽഎ. ഒരുവർഷം കാലാവധിയിൽ 2021 ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണ പ്രവൃത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാനാവാതെ അനിശ്ചിതത്വത്തിലായിരുന്നു.
ഇതേ തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും വിഷയം എംഎൽഎ നിയമസഭയിൽ കൊണ്ടുവന്നിരുന്നു. ഇതിന് രണ്ടു തവണയും മന്ത്രി നൽകിയ മറുപടിയിൽ സാങ്കേതിക പ്രശ്നങ്ങൾ കുരുക്കായി മാറിയതായും നിർവഹണ ഏജൻസിയായ കിറ്റ്കോയുടെ ഉദാസീനതയും വ്യക്തമാക്കിയിരുന്നു. നിർമാണ പ്രവൃത്തി 10 ശതമാനത്തോളമായപ്പോഴാണ് കിഫ്ബിയുടെ സൈറ്റ് സന്ദർശനമുണ്ടായത്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ ഫൗണ്ടേഷൻ പുതുക്കി ഡിസൈൻ ചെയ്യണമെന്നും മണ്ണിന്റെ ഘടന പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കിറ്റ്കോയോട് ആവശ്യപ്പെട്ടിരുന്നു. സോയിൽ ടെസ്റ്റ് നടത്തുന്നതിനായി കിറ്റ്കോ കോഴിക്കോട് എൻഐടി വിദഗ്ധരെ ചുമതലപ്പെടുത്തി.
പുതിയ സോയിൽ ടെസ്റ്റ് പ്രകാരം ഡിസൈൻ പുതുക്കി കിഫ്ബിയിൽ നിന്ന് അംഗീകാരം വാങ്ങുന്നതിന് വലിയ കാലതാമസം വന്നതും വിനയായി. ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും പല യോഗങ്ങൾ നടന്നുവെങ്കിലും പദ്ധതിക്ക് അനക്കമുണ്ടായില്ല.
അവസാനം 2024 മേയ് 20ന് കിഫ്ബി സിഇഒയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. പുതുക്കിയ എല്ലാ രേഖകളും സഹിതം കഴിഞ്ഞ ജൂൺ 20ന് മുമ്പ് സമർപ്പിച്ചാൽ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് കിഫ്ബി കിറ്റ്കോയോട് നിർദേശിക്കുകയുമുണ്ടായി. നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും കിഫ്ബിയും കിറ്റ്ക്കോയും തമ്മിലുള്ള ശീതസമരം അവസാനിച്ചില്ല.
ഈ സാഹചര്യത്തിലാണു ജൂലൈ നാലിന് മന്ത്രി വി. അബ്ദുൾ റഹ്മാന്റെയും ടി.ഐ. മധുസൂദനൻ എംഎൽഎയുടെയും സാന്നിധ്യത്തിൽ കിറ്റ്കോ, കിഫ്ബി, കായികവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നത്. ഈ യോഗത്തിലും നിർമാണം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി കിറ്റ്കോയ്ക്ക് നൽകാൻ കഴിഞ്ഞില്ല. ഇക്കാരണത്താലാണു നിലവിലെ നിർവഹണ ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിശ്ചയിക്കാൻ തീരുമാനിച്ചതെന്ന് എംഎൽഎ അറിയിച്ചു.