ട്രെയിനുകളുടെ എണ്ണം കൂടിയിട്ടും യാത്രാദുരിതത്തിന് അറുതിയില്ല
1435040
Thursday, July 11, 2024 1:31 AM IST
കണ്ണൂർ: രാഷ്ട്രീയ പോർവിളികൾ ശക്തമാകുന്പോഴും ഉത്തര മലബാറിലെ ട്രെയിൻ യാത്രികരുടെ യഥാർഥ പ്രശ്നത്തോട് മുഖംതിരിച്ച് രാഷ്ട്രീയക്കാരും ഭരണകൂടവും. കേന്ദ്ര സർക്കാർ കേരളത്തിന് രണ്ട് വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചെങ്കിലും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായിട്ടില്ല.
വന്ദേഭാരതിന് കടന്നുപോകാൻ മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുകയാണ്. പാസഞ്ചർ, ലോക്കൽ ട്രെയിനുകളാണ് ഇത്തരത്തിൽ പല സ്റ്റേഷനുകളിലും പിടിച്ചിടുന്നത്. ഇത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നുണ്ട്. കോഴിക്കോട് നിന്ന് കാസർഗോഡ് വരെയുള്ള ട്രെയിനുകളിലെ യാത്രക്കാരാണ് കൂടുതൽ ഇതു മൂലം ബുദ്ധിമുട്ടുന്നത്. ട്രെയിനുകളുടെ എണ്ണത്തിലെ കുറവും സർവീസുകൾ തമ്മിലുള്ള ഇടവേളയും മറ്റൊരു പ്രതിസന്ധിയാണ്.
വൈകുന്നേരം 6.15ന്റെ കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ ജനറൽ കംപാർട്ട്മെന്റുള്ള പ്രതിദിന സർവീസ് നടത്തുന്ന ഒറ്റ ട്രെയിനാണ് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ളത്. അതാകട്ടെ മൂന്നേകാൽ മണിക്കൂറിന് ശേഷം 9.32ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസാണ്. വൈകുന്നേരം 4.25ന് സ്റ്റേഷനിലെത്തി അഞ്ചിന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസിൽ കാല് കുത്താനിടമുണ്ടാകാറില്ല. പരശുറാമിലെ തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായിരുന്നു.
ഇപ്പോൾ മംഗളൂരുവിൽ നിന്നുള്ള പരശുറാം കന്യാകുമാരിലേക്ക് നീട്ടിയപ്പോൾ രണ്ടു കോച്ചുകളും അധികമായി അനുവദിച്ചതും ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്ക് കണ്ണൂർ അൺറിസർവ്ഡ് സ്പെഷൽ എക്സ്പ്രസ് ഓടാൻ തുടങ്ങിയതും യാത്രക്കാർക്ക് നേരിയ ആശ്വാസമാണ്. ഇതൊഴിച്ചാൽ നാളുകളായി തുടരുന്ന ദുരിതത്തിന് അറുതിയില്ല. വൈകുന്നേരം 5.10ന് കോഴിക്കോട്ടെത്തുന്ന നേത്രാവതി എക്സ്പ്രസിന് ആകെ രണ്ടു ജനറൽ കംപാർട്ട്മെന്റ് മാത്രമാണുള്ളതെന്നത് നിത്യേന യാത്ര ചെയ്യുന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു.
മാത്രമല്ല 6.15 കഴിഞ്ഞ് 9.32ന് എത്തേണ്ട കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് പലപ്പോഴും കൃത്യസമയം പാലിക്കാൻ പറ്റാറില്ല. രണ്ടാം വന്ദേഭാരത് വന്നതോടെ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പിടിച്ചിടുന്നത് പതിവാണ്. 9.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വന്ദേഭാരതിന് വേണ്ടി 9.25ന് സ്റ്റേഷനിൽ എത്തേണ്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് പലയിടങ്ങളിലും പിടിച്ചിടും. അതോടെ 6.15ന് ശേഷമുള്ള ജനങ്ങളുടെ കാത്തിരിപ്പ് നാലു മണിക്കൂറോളമാണ് നീളുന്നത്.
ജോലി സ്ഥലത്തേക്കും വിദ്യാഭ്യാസ ആവശ്യത്തിനുമായി സീസൺ ടിക്കറ്റെടുത്ത് കണ്ണൂരേക്കും മംഗളൂരുവിലേക്കും യാത്ര ചെയ്യുന്ന കാസർഗോഡ് ജില്ലയിൽനിന്നുള്ള നൂറുകണക്കിനാളുകൾ അനുഭവിക്കുന്ന യാത്രാദുരിതം മറ്റൊരിടത്തുമില്ലാത്തതാണ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ പ്രദേശത്തുള്ളവരും കാസർഗോഡ് ജില്ലക്കാരും റെയിൽവേയിൽനിന്ന് നേരിടുന്ന അവഗണന ചില്ലറയൊന്നുമല്ല.
തിരുവനന്തപുരം, ആലപ്പുഴ, കോയമ്പത്തൂർ, യശ്വന്ത്പുർ, ഷൊർണൂർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്ന് യാത്ര ആരംഭിക്കുന്ന എട്ടു ട്രെയിനുകൾ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നുണ്ട്. കണ്ണൂരിൽ എത്തിപ്പെട്ടാലും പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് ഭാഗത്തേക്ക് പോകേണ്ടുന്നവർക്ക് ബസുകളെ ആശ്രയിക്കണം.
ഉച്ചക്ക് 2.20ന് കോയമ്പത്തൂരിൽനിന്ന് യാത്ര ആരംഭിക്കുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് രാത്രി 9.20ന് കണ്ണൂരിലെത്തും. ഉച്ചക്ക് 2.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് രാത്രി 11.10നും ഉച്ചക്ക് 2.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് പിറ്റേദിവസം പുലർച്ചെ 12.25നും കണ്ണൂരിലെത്തും. ഈ ട്രെയിനുകളിൽ വരുന്ന കണ്ണൂരിനപ്പുറം കാസർഗോഡ് വരെയുള്ള യാത്രക്കാർക്ക് തുടർയാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ ഒരു കെഎസ്ആർടിസി ബസാണ് ഏർപ്പാടാക്കിയിട്ടുള്ളത്.
കോവിഡ് കാലത്തിന് മുന്പ് പയ്യന്നൂർ,കാഞ്ഞങ്ങാട്, ആലക്കോട്, കാസർഗോഡ് എന്നിവിടങ്ങളിലേക്ക് നാല് ബസുകളുണ്ടായിരുന്നിടത്താണ് നിലവിൽ കാസർഗോട്ടേക്കുള്ള ഒറ്റ ബസിൽ ഒതുക്കിയത്.
രാവിലെ 7.40ന് കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്കുണ്ടായിരുന്ന ഏക മെമു സർവീസും നിർത്തി. പകരം പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും കോച്ചുകളുടെ എണ്ണം പത്തായി കുറഞ്ഞു. നീലേശ്വരമെത്തുമ്പോഴേക്കും ഈ ട്രെയിനിൽ കാലുകുത്താനിടമില്ലാത്ത രീതിയിൽ തിങ്ങിനിറയുന്നതും നിത്യസംഭവമാണ്.
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ
കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608)
യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ്(16527)
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് (16307)
ഷൊർണൂർ-കണ്ണൂർ മെമു (ഞായറാഴ്ച ഒഴികെ,06023)
തൃശൂർ-കണ്ണൂർ എക്സ്പ്രസ് (16609)
കോഴിക്കോട്-കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (06481)
തിരുവനന്തപുരം-കണ്ണൂർ ജനതാബ്ദി എക്സ്പ്രസ് (ചൊവ്വ,
വ്യാഴം ഒഴികെ, 12082)
ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് സ്പെഷൽ എക്സ്പ്രസ് (06031)