വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്
1434512
Tuesday, July 9, 2024 1:34 AM IST
ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിൽ കാറിനു പിന്നിൽ ടിപ്പർ ലോറി ഇടിച്ചു. കാർ യാത്രക്കാരൻ കോളിക്കടവ് സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടിയിലേക്കു വരികയായിരുന്ന ടിപ്പർ ലോറി കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഇരുമ്പുവേലി തകർത്ത് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പയഞ്ചേരിമുക്കിലെ ട്രാഫിക് സിഗ്നലിനു സമീപമായിരുന്നു സംഭവം. പരിക്കേറ്റ കാർ യാത്രക്കാരനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ ഫുട്പാത്തിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇടിയിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.
കൂത്തുപറമ്പ്: മാനന്തേരി പന്ത്രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് വർക്ക്ഷോപ്പിലേക്കു പാഞ്ഞുകയറി. സ്കൂട്ടർ യാത്രികനു പരിക്കേറ്റു. കണ്ണവം കൈച്ചേരിയിലെ ഷംസീറിനാണ് പരിക്കേറ്റത്. വർക്ക്ഷോപ്പിലുണ്ടായിരുന്ന രണ്ടു മിനിലോറികൾക്കും വർക്ക്ഷോപ്പിനോടു ചേർന്ന് പ്രവർത്തിക്കുന്ന സ്പെയർപാർട്സ് കടയ്ക്കും കേടുപാട് സംഭവിച്ചു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. കണ്ണവം ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ലോറി നിയന്ത്രണ വിട്ട് സ്കൂട്ടറിൽ ഇടിച്ചശേഷം സമീപത്തെ വർക്ക് ഷോപ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു.