കുടിയാന്മലയിൽ കൃഷിയിടം കുത്തിയിളക്കി കാട്ടുപന്നിക്കൂട്ടം
1431122
Sunday, June 23, 2024 7:29 AM IST
കുടിയാന്മല: രാത്രി കാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കുടിയാന്മല മേഖലയിലെ കൃഷിയിടങ്ങൾ ഇല്ലാതാക്കുന്നു. കൂട്ടമായെത്തുന്ന പന്നികൾ കിഴങ്ങുവർഗ വിളകളായ കപ്പ, ചേന, ചേമ്പ് എന്നിവയും വാഴകളുമാണ് കൂടുതലായും നശിപ്പിച്ചിട്ടുളളത്.
കാട്ടുപന്നികളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്നത് കാരണം മലയോര കർഷകൾ തങ്ങളുടെ ജീവനോപാധിയായ വിളകൾ സംരക്ഷിക്കാനാകാതെ നട്ടം തിരിയുകയാണ്. കഴിഞ്ഞദിവസം പന്നിക്കൂട്ടം മണ്ഡപത്തിൽ ബിജു, കണ്ണംപ്ലാക്കൽ ഷാജൻ, തെക്ക്പുറത്ത് സാബു എന്നിവരടക്കമുള്ള നിരവധി കർഷകരുടെ കപ്പ, ചേന, ചേമ്പ്, പയർ, വാഴ എന്നിവ നശിപ്പിച്ചു. മുൻകാലങ്ങളിൽ കിഴങ്ങുവർഗങ്ങൾ, വാഴക്കുല തുടങ്ങിയ കയറ്റി അയച്ചിരുന്ന മലയോര മേഖലയിലെ കർഷകർക്ക് ഇന്ന് ഇവയ്ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.