ബോംബ് ഭീഷണിക്ക് അറുതി വരുത്തണം: പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്
1431118
Sunday, June 23, 2024 7:29 AM IST
കണ്ണൂർ: ബോംബുകളും, മറ്റ് മാരകായുധങ്ങളും ജനങ്ങളുടെ സ്വൈര്യ ജീവിതം നശിപ്പിക്കുകയല്ലാതെ ഒരു പ്രശ്നത്തിനും പരിഹാരമല്ലന്ന യാഥാർഥ്യം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരിച്ചറിയേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്നും നാടിന്റെ വികസനത്തിനായി ബോംബു രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് നേതൃയോഗം ആവശ്യപ്പെട്ടു.
ജനതയെ ഭീഷണിയുടെ മറയിൽ നിർത്തി എല്ലാക്കാലവും മുൻപോട്ടു പോകാം എന്ന് ഭരണാധികാരി കൾ ചിന്തിക്കുന്നത് ഭൂഷണമല്ലന്നും യോഗം അഭിപ്രായപ്പെട്ടു. എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച വേലായുധൻ എന്നവരുടെ വീടും വേലായുധന്റെ മരണത്തിൽ അമർഷം പൂണ്ടു പ്രതികരിച്ച സീനയുടെ എരഞ്ഞോളിയിലെ വീടും സന്ദർശിച്ച ശേഷമന്ന് ഭാരവാഹികൾ കണ്ണൂരിൽ അടിയന്തര യോഗം ചേർന്നത്. സമാധാനം ആഗ്രഹിക്കുന്ന ഒരു ജനത ഇത്തരം പ്രവണതകളെ ചെറുത്തു നില്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണുർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികളേയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥ രേയും സന്ദർശിച്ച് അക്രമകാരികൾക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയ കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി. സതീഷ് കുമാർ അധ്യക്ഷനായിരുന്നു. ബിനോയ് തോമസ്, സജീവൻ മാണിയത്തു, ആർട്ടിസ്റ്റ് ശശികല, ഷമീൽ ഇഞ്ചിക്കൽ, പി. സരള, പവിത്രൻ കൊതേരി, ഷൈദ പ്രവീൺ, ഫാ. സണ്ണി തോട്ടപ്പള്ളിൽ, പി. പ്രഭാകരൻ , അനിൽ ഏടത്തിൽ, ഫാ. കെ. ഡിറ്റോ, പി. ഓംനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.