യുവതിയും മകളും താമസിക്കുന്ന വീടാക്രമിച്ചു
1431116
Sunday, June 23, 2024 7:29 AM IST
ആലക്കോട്: ടൗണിൽ തയ്യൽക്കട നടത്തുന്ന യുവതിയും മകളും താമസിക്കുന്ന വാടക വീടിന് നേരേ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണം നടത്തിയത് ഇവരുടെ മുൻ ഭർത്താവായ മഹേഷാണെന്നാണ് യുവതിയുടെ പരാതി.
മൂന്നുവർഷം മുമ്പ് യുവതിയുടെ കട മഹേഷ് അഗ്നിക്കിരയാക്കിയിരുന്നു. കഴിഞ്ഞവർഷവും കടയ്ക്ക് നേരേ ആക്രമണം ഉണ്ടായിരുന്നു. ടിപ്പർഡ്രൈവറാണ് മഹേഷ്. വ്യാപാരി വ്യവസായി നേതാക്കൾ ഇടപെട്ടാണ് അവർക്ക് വീണ്ടും കട നടത്താൻ സൗകര്യം ഒരുക്കി നല്കിയത്.
ഇയാൾക്കെതിരേ യുവതി കുടുംബക്കോടതിയിൽ വിവാഹമോചനത്തിന് നല്കിയിട്ടുള്ള പരാതി പിൻവലിക്കണമെന്നും ഈ പ്രദേശം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് യുവതിക്ക് നേരേ ഇയാൾ തുടർച്ചയായി ആക്രമണം നടത്തുന്നത്. ഇയാൾക്കെതിരെ നിരവധി തവണ യുവതി പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.