ആറളം ഫാമിൽ നാടൻ തോക്കുമായി ചെത്ത് തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
1430725
Saturday, June 22, 2024 1:01 AM IST
കീഴ്പള്ളി : ആറളം ഫാം ബ്ലോക്ക് മൂന്നിൽ കള്ള് ചെത്ത് തൊഴിലാളികളുടെ ഷെഡിന് സമീപം നാടൻ തോക്കുമായി രണ്ടു ചെത്ത് തൊഴിലാളികൾ ഉൾപെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.വിയറ്റ്നാം സ്വദേശി വിബീഷ് മാത്യു (41), വീർപ്പാട് സ്വദേശി ടി.ആർ. വിനോദ് (51 ), ആറളം ഫാം ബ്ലോക്ക് 12 ലെ താമസക്കാരൻ പി.കെ. രാജേന്ദ്രൻ (34) എന്നിവരെയാണ് ആറളം പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂവരേയും സംശയകരമായ സഹചര്യത്തിൽ കാണുന്നത്. ഫോറസ്റ്റ് വാഹനം കണ്ട പ്രതികൾ കയ്യിലെ തോക്ക് എറിഞ്ഞുകളഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു നിർത്തി ആറളം പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു.
പോലീസ് സ്ഥലത്തെത്തി പ്രതികൾ വലിച്ചെറിഞ്ഞ തോക്കും തിരയും അടയ്ക്കം പ്രതികളെ അറസ്റ്റു ചെയ്തു.
ടി.ആർ. വിനോദ്, പി.കെ. രാജേന്ദ്രൻ എന്നിവർ ഫാമിൽ തെങ്ങ് പാട്ടത്തിനെടുത്ത് കള്ള് ചെത്ത് നടത്തിവരുന്ന തൊഴിലാളികളാണ്. വിയറ്റ്നാം സ്വദേശി വിബീഷ് മാത്യു വീട്ടിൽ നിന്നു മാനിറിച്ചി പിടികൂടിയ ഫോറസ്റ്റ് കേസിലെ പ്രതിയാണെന്നും നായാട്ടിനായി എത്തിയ സംഘമാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു .
ആറളം ഫാം ഉൾപ്പെടെ പുനരധിവാസ മേഖലയിൽ നായാട്ട് സംഘം വിലസുന്നതായി നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. മഹേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മനോജ് വര്ഗീസ് , സി. അനൂപ് , എ.കെ. അനൂപ് , വാച്ചർമാരായ അശോകൻ, ബാലകൃഷ്ണൻ, ഗണേഷ് കുമാർ, സജു പാറശേരി, ഡ്രൈവർ ജിജോ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസ് സംഘത്തിൽ ആറളം എസ്എച്ചഒ പി.എം . മനോജ് , എസ്ഐ സിറാജ് , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജീഷും ഉണ്ടായിരുന്നു.