താങ്ങുവിലയും സംഭരണവും പാളി; കേരകർഷകർക്ക് ദുരിതകാലം
1430724
Saturday, June 22, 2024 1:01 AM IST
കേളകം: വിപണിയിൽ തേങ്ങവില കുത്തനെ ഇടിഞ്ഞതോടെ കേരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. മാസങ്ങൾക്ക് മുമ്പ് 38 രൂപ വരെ വിലയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വില ഇന്നലെ 28ലേക്കാണ് ഇടിഞ്ഞത്. 26-27 രൂപയാണ് ചില്ലറ വില്പന വില. ഉത്പാദനച്ചെലവും പണിക്കൂലിയും കഴിഞ്ഞാൽ കർഷകന് ചകിരിത്തൊണ്ടു മാത്രം ലാഭം കിട്ടുന്ന അവസ്ഥ. സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരുന്നെങ്കിലും എവിടെയും ഈ വില ലഭിക്കുന്നുമില്ലെന്നും പച്ചത്തേങ്ങ സംഭരണ സംവിധാനം നടക്കുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
വേനൽ കഴിഞ്ഞതോടെ ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടായി. ശരാശരി അഞ്ചു മുതൽ 10 തേങ്ങ വരെ മാത്രമാണ് ഒരു തെങ്ങിൽനിന്നും ലഭിക്കുന്നത്. 10 തേങ്ങ ഒരു തെങ്ങിൽനിന്ന് ലഭിച്ചാൽ മൂന്നു മുതൽ നാലരക്കിലോ വരെയാണ് തൂക്കം ഉണ്ടാകുക. ശരാശരി നാല് കണക്കുകൂട്ടിയാൽ 92 രൂപയാണ് ലഭിക്കുക. ഇതിൽ 60 രൂപ തെങ്ങുകയറ്റക്കൂലിയായും പത്തു രൂപ പൊതിക്കൽ കൂലിയായും നൽകണം. കൂടാതെ ചുമട്ടുകൂലി, വണ്ടിക്കൂലി, കയറ്റിറക്ക് കൂലി എന്നിവയെല്ലാം നൽകുന്പോൾ 100 രൂപ വരെ ചെലവ് വരും. കർഷകന്റെ അധ്വാനം കണക്കാക്കാതെ വന്നാൽ തന്നെ പത്തു രൂപയുടെ നഷ്ടം ഉണ്ടാകും.
തേങ്ങവില കുറയുന്പോഴും വെളിച്ചെണ്ണ വിപണിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ലിറ്ററിന് 150 - 170 രൂപവരെയാണ് വില. ചില കമ്പനികൾ 190 രൂപ വരെ ഈടാക്കുന്നുണ്ട്. ഉപഭോഗം കുറഞ്ഞുവെന്നാണ് വ്യാപാരികൾ തേങ്ങ വില ഇടിവിന് കാരണമായി പറയുന്നത്. എന്നാൽ അന്യസംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന നാളികേരത്തിന് അവിടെ 30 രൂപ വരെ നൽകേണ്ടിവരുന്നുണ്ടന്നും കൊപ്ര വ്യാപാരികൾ സമ്മതിക്കുന്നു. കേരളത്തിലെ പ്രത്യേകിച്ച് മലയോരങ്ങളിലെ നാളികേരത്തിൽനിന്ന് വെളിച്ചെണ്ണ ലഭിക്കുന്നത് കുറവാണെന്നാണ് ഇവരുടെ പക്ഷം.
തൊഴിൽകൂലി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടിയതും കർഷകർക്ക് തിരിച്ചടിയായി. തെങ്ങുകയറ്റ തൊഴിലാളിക്ക് നേരത്തെ ഒരു തെങ്ങിന് 20 രൂപയായിരുന്ന കൂലി ഇപ്പോൾ 50 മുതൽ 75 വരെയായി കൂടിയിട്ടുണ്ട്. ചിലയിടങ്ങളിൽ 100 രൂപ ഈടാക്കുന്നതായും പറയുന്നു. തടം തുറക്കൽ, വളമിടൽ തുടങ്ങിയ പണികൾക്ക് ഉച്ചപ്പണിക്ക് 400 രൂപ ഉണ്ടായിരുന്നിടത്ത് 600-700 രൂപ വരെയായി ഉയർന്നു.
ടൗണുകളിൽ തെങ്ങിൽ കയറുന്നതിന് 100-125 വരെയും കൂലിപ്പണിക്ക് 750 രൂപ വരെയും വാങ്ങിക്കുന്നുണ്ട്. ഇതിനെല്ലാമൊപ്പം മണ്ഡരി, കൂന്പുചീയൽ ഉൾപ്പടെയുള്ള രോഗങ്ങൾ തെങ്ങുകളെ നശിപ്പിക്കുന്നതും കർഷകരുടെ പ്രതിസന്ധി വർധിപ്പിക്കുകയാണ്.
സംഭരണം
പ്രഖ്യാപനത്തിൽ മാത്രം
ഒരു കിലോഗ്രാമിന് 34 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി മാറി. പ്രഖ്യാപനം നടത്തിയതല്ലാതെ ഒരു കിലോ തേങ്ങ പോലും മലയോരത്തുനിന്നും സർക്കാർ സംഭരിച്ചിട്ടില്ല. നിരവധി തവണ കൃഷി ഭവനുകളിൽ ഇതു സംബന്ധിച്ച് ബന്ധപ്പെടുകയും പ്രതിഷേധിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല. നിലത്തുവീണാൽ കാട്ടുപന്നി പൊതിച്ചുതിന്നും എന്നതു കൊണ്ടു മാത്രമാണ് കൂലി കൊടുത്ത് തേങ്ങ ഇടീക്കുന്നത്. ഇത്തരത്തിൽ പറിച്ചെടുക്കുന്ന തേങ്ങ കർഷകർ കൈയിൽനിന്നും പണം മുടക്കി കന്പോളത്തിലെത്തിച്ച് നഷ്ടം സഹിച്ചാണ് വിൽക്കുന്നത്. നാളികേര കർഷകരുടെ കാര്യത്തിൽ സർക്കാർ ഒരുതരത്തിലുള്ള അനുഭാവവും കാണിക്കുന്നില്ല.
-വിൽസൺ വടക്കയിൽ, കർഷകൻ, കൊട്ടിയൂർ