വായനാവാരാചരണം നടത്തി
1430715
Saturday, June 22, 2024 1:01 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂളിലെ വായനാവാരാചരണത്തോടനുബന്ധിച്ച് കുട്ടിസാഹിത്യകാരിയെ അനുമോദിച്ചു. വായനാദിനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങൾ, പുസ്തകാസ്വാദനം എന്നിവയിലൊക്കെ മികച്ച പ്രകടനം കാഴ്ചവച്ച എയ്ഞ്ചൽ മരിയ മനോജിനെയാണ് സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് പൊന്നാടയും കിരീടവും അണിയിച്ച് ആദരിച്ചത്. വിദ്യാർഥികൾ രചിച്ച സാഹിത്യ കൃതികളുടെ സമാഹാരമായ "ചിറക്" കുട്ടി സാഹിത്യകാരി പ്രകാശനം ചെയ്തു. വിദ്യാർഥികൾക്ക് സ്വതന്ത്രമായി ഇരുന്ന് വായിക്കാൻ തയാറാക്കിയ വായനോദ്യാനം മുഖ്യാധ്യാപിക വിജി മാത്യു ഉദ്ഘാടനം ചെയ്തു. ജെറിൻ സിറിൽ വായനാദിന സന്ദേശം നൽകി. ക്വിസ്, പുസ്തകം പരിചയപ്പെടൽ എന്നിവയടക്കം നിരവധി പരിപാടികളും നടന്നു. വിദ്യാരംഗം കോ-ഓർഡിനേറ്റർ ഡയാന ബേബി നേതൃത്വം നൽകി.
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിൽ വായനാവാരാചരണം സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ സുനിൽ ജോസഫ് അധ്യക്ഷത വഹിച്ചു.
വിദ്യാർഥികൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ ആസ്വാദനക്കുറിപ്പ് സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടത്തി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന, കവിതാരചന, ആസ്വാദനക്കുറിപ്പ് രചന, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.
പുലിക്കുരുമ്പ: വായനാ വാരാചരണത്തോടനുബന്ധിച്ച് പുലിക്കുരുമ്പ ഗാന്ധി മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നടുവിൽ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് ബേബി മുല്ലൂർ അധ്യക്ഷത വഹിച്ചു. ജയിംസ് കുമ്മിണിത്തോട്ടത്തിൽ ആമുഖപ്രഭാഷണവും അദിതി ഗോപി മുഖ്യപ്രഭാഷണവും റിട്ട. മുഖ്യാധ്യാപകൻ ജോസഫ് ആര്യങ്കാലായിൽ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. വിദ്യാർഥി പ്രതിനിധി തോമസ് കുര്യൻ, ഷൈനി ബേബി മഞ്ഞളാങ്കൽ എന്നിവർ പ്രസംഗിച്ചു.