കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടി മലയോരം
1430712
Saturday, June 22, 2024 1:01 AM IST
പെരുമ്പടവ്: കരിപ്പാൽ, അടുക്കം, വിളയാർകോട്, വെള്ളോറ, ചെറുപാറ, നെടുംചാൽ പ്രദേശത്ത് കാട്ടുപന്നി, കുരങ്ങൻ, മരപ്പട്ടി എന്നിവയുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. കപ്പ, തെങ്ങ്, കവുങ്ങ്, ചേമ്പ്, റബർ, കുരുമുളക്, കൊക്കോ വാഴ എന്നിവ വ്യാപകമായി നശിപ്പിക്കുന്നു. ഏക്കറുകണക്കിന് കപ്പ കൃഷി ചെയ്തവർക്ക് സ്വന്തം ആവശ്യത്തിനു പോലും വിളവുലഭിക്കാത്ത അവസ്ഥയാണ്.
കൃഷിയിടത്തിൽ കൂട്ടത്തോടെ കയറുന്ന കാട്ടുപന്നികൾ മുഴുവൻ വിളവുകളും കുത്തി നശിപ്പിക്കുന്നു. മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്. കഴിഞ്ഞദിവസം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം കാപ്പിലിപ്പറമ്പിൽ ബിജു, കുഞ്ഞപ്പൻ പൂന്തോടൻ, പി. പങ്കജാക്ഷൻ, സിബിച്ചൻ കുന്നേൽ എന്നിവരുടെ കപ്പ, ചേമ്പ്, കുരുമുളക് കവുങ്ങ് തുടങ്ങിയ വിളകൾ കുത്തി നശിപ്പിച്ചു.
അതേസമയം കാട്ടുപന്നി ശല്യത്തിനെതിരേ ഫലപ്രദമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി. കാട്ടുപന്നികളെ നിയന്ത്രിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരം നൽകിയിട്ടുണ്ടെങ്കിലും അവരും ഇതിന് തയാറാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്.