ആറളത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന
1425232
Monday, May 27, 2024 1:36 AM IST
ഇരിട്ടി: പ്രദേശവാസികളിൽ ആശങ്ക ഉണർത്തി ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാനകളെത്തി.
ഇന്നലെ രാവിലെ മൂന്ന് ആനകളാണ് മേഖലയിൽ എത്തിയത്. ഇതിൽ രണ്ട് ആനകൾ തിരിച്ച് കാട്ടിലേക്ക് പോയെങ്കിലും ഒന്ന് അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി പരിശോധന നടത്തുന്നതിനിടെ ആന ജനവാസമേഖലയായ കപ്പുംകടവിലേക്ക് കടന്നു.
ആറളം, മുഴക്കുന്ന് പോലീസിന്റെ സഹായത്തോടെ റോഡിന്റെ ഇരുഭാഗത്തും വാഹന നിയന്ത്രണം ഏർപ്പെടുത്തിയശേഷം ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ പുഴ കടത്തി ആറളം ഫാം മേഖലയിലേക്ക് കടത്തിവിടുകയായിരുന്നു.
ഈ വർഷം ഇത് രണ്ടാംതവണയാണ് കാട്ടാനകൾ ആറളം ഫാം മേഖലയിൽ നിന്നും ആറളം പാലത്തിന് സമീപം എത്തുന്നത്. കഴിഞ്ഞ മാർച്ചിൽ രണ്ടു കാട്ടാനകൾ ഇവിടെയെത്തി ഭീതിവിതച്ചിരുന്നു. അന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലകർ ആനകളെ ഇവിടെനിന്നും തുരത്തി ആറളം ഫാം മേഖലയിലേക്ക് കയറ്റി വിട്ടത്.