രോഗപ്രതിരോധ മേഖലയില്‍ കേരളത്തിന് ഇനിയും മുന്നേറാനുണ്ട്: ഡോ. എം. രവീന്ദ്രനാഥ്
1425229
Monday, May 27, 2024 1:36 AM IST
കണ്ണൂര്‍: രോഗനിര്‍ണയത്തിലും ചികിത്സാ മേഖലയിലും കേരളം ഏറെ മുന്‍പന്തിയില്‍ ആണെങ്കിലും രോഗപ്രതിരോധ മേഖലയില്‍ കേരളത്തിന് ഏറെ മുന്നോട്ടുപോകാന്‍ ഉണ്ടെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. എം .രവീന്ദ്രനാഥ് പറഞ്ഞു.
മാധവ റാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് , നെഹ്റു യുവ കേന്ദ്ര, ജ്യോതിസ് ഐ കെയര്‍ എന്നിവയുമായി സഹകരിച്ച് തളാപ്പ് മാധവ റാവു സിന്ധ്യ മെമ്മോറിയല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനൊപ്പം തന്നെ രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിരോധ ബോധവത്കരണവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും ഡോ. എം.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ് ധനരാജ്, പി.വിനോദന്‍, ബാബു വേലായുധന്, ജിനു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേത്രരോഗ വിദഗ്ധന്‍ ഡോ. വി.എ. ജയ്സന്റെ നേതൃത്വത്തിലാണ് ക്യാംന്പ് നടന്നത്.