ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു
1425122
Sunday, May 26, 2024 8:27 AM IST
ഉദയഗിരി: മഴ തുടങ്ങുകയും രോഗങ്ങൾ വർധിക്കാൻ തുടങ്ങിയതോടെ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. ദിവസേന 150ലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ഉദയഗിരി കുടുംബാരോഗ്യകേന്ദ്രത്തിൽ മിക്കപ്പോഴും ഒരു ഡോക്ടറുടെ സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്.
കണക്കിൽ മൂന്ന് ഡോക്ടർമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത് എങ്കിലും രാവിലെ ഒരു ഡോക്ടറുടെ സേവനവും ഉച്ചയ്ക്കുശേഷം മറ്റൊരു ഡോക്ടറുടെ സേവനമാണ് മിക്കപ്പോഴും രോഗികൾക്ക് ലഭിക്കുന്നത്. ഇവിടുത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ മുതൽ തന്നെ പ്രായമായവരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും നീണ്ട ക്യൂവാണ് പലപ്പോഴും കാണാറുള്ളത്.
പ്രായമായവർ അവശതമൂലം ഡോക്ടറെ കാണാൻ തിരക്കുകൂട്ടുന്നതും നിത്യകാഴ്ചയാണ്. ഡോക്ടറെ കണ്ട് തിരിച്ചു പോകണമെങ്കിൽ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും എടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
അടിസ്ഥാന സൗകര്യങ്ങളിൽ വളരെ പുരോഗതിയുള്ള കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.