ആറളം ഫാമിൽ സഞ്ചരിക്കുന്ന പൊതുവിതരണ സംവിധാനം പരിഗണിക്കും: ഭക്ഷ്യസുരക്ഷാ കമ്മീഷൻ
1424720
Saturday, May 25, 2024 1:32 AM IST
ഇരിട്ടി: ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻകട പരിഗണിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ പുനരധിവാസ മേഖലയിലുള്ളവർക്ക് ഉറപ്പു നൽകി. ഫാം പുരധിവാസ മേഖലയിലെ പട്ടിക ജാതി-പട്ടിക വർഗ കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടോയെന്നറിയുന്നതിനും അങ്കണവാടി മുഖേന കുട്ടികൾക്കും അമ്മമാർക്കും ഗർഭിണികൾക്കും പോക്ഷകാഹരം ലഭിമാകുന്നുണ്ടോയെന്നറിയുന്നതിനും സ്കൂൾ മുഖാന്തരം വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ അറിയുന്നതിനും ഫാമിൽ നടത്തി സിറ്റിംഗിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
ജനനി സുരക്ഷാ പദ്ധതി പ്രകാരം ഗർഭിണികളായ അമ്മമാർക്ക് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും പ്രതിമാസം അനുവദിക്കുന്ന ധനസഹായം പലർക്കും കിട്ടിയിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അഞ്ചു കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ചാണ് റേഷൻ കടയിൽ പോകുന്നതെന്നും കാട്ടാന ശല്യവും ദൂരകൂടുതലും പ്രയാസം ഉണ്ടാക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു. ഇത് പരിഹരിക്കുന്നതിന് ദൂരസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കാമെന്ന് കമ്മീഷൻ ഉറപ്പു നൽകി. റേഷനിംഗ് ഇൻസ്പെക്ടറുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിധ്യത്തിൽ റേഷൻ കടയിലെ സാധനങ്ങൾ വാഹനത്തിൽ കൊണ്ടു പോയി വിതരണം ചെയ്യുന്നതിന് റേഷൻ കടയുടമയ്ക്ക് കമ്മീഷൻ അനുമതി നൽകി.
കമ്മീഷൻ ചെയർ പേഴ്സൺ പി.വസന്തം, കമ്മീഷൻ അംഗങ്ങളായ സബീദ ബീഗം, വി. രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. ചെയർമാനും അംഗങ്ങളും റേഷൻ കടയിൽ പരിശോധന നടത്തുകയും മേഖലയിലെ വീടുകളും അങ്കണവാടികളും സന്ദർശിച്ചു.
താലൂക്ക് സപ്ലൈ ഓഫീസർ എം. സുനിൽകുമാർ, ടിആർഡിഎം സൈറ്റ് മാനേജർ ഷൈജു, റേഷനിംഗ് ഇൻസ്പെക്ടർമാരായ എം. അനൂപ് കുമാർ, കെ.ഇ. ജഷിത്ത്, പി.ആർ. വിനോദ് കുമാർ, പി. വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.