സ്കൂൾ തുറക്കുന്പോൾ ലഹരിക്ക് തടയിടാൻ എക്സൈസ്
1424715
Saturday, May 25, 2024 1:32 AM IST
സ്വന്തം ലേഖിക
കണ്ണൂർ: ജൂൺ മൂന്നു മുതൽ പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കാനുള്ള നടപടികൾ എക്സൈസ് തുടങ്ങി. സ്കൂൾ തുറന്ന് ആദ്യവാരം തന്നെ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണം ഉൾപ്പെടെ നടത്താനൊരുങ്ങുകയാണ് എക്സൈസ്. കൂടാതെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ക്ലബുകളും സജീവമാക്കും.
വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിനായി ലഹരി വ്യാപാരത്തിനും കടത്ത് സംഘങ്ങൾക്കും തടയിടാനുള്ള നടപടികൾക്കാണ് തുടക്കമിടുന്നത്. വിദ്യാർഥികൾക്കിടയിൽ ലഹരി മാഫിയയുടെ ഏജന്റുകളായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണങ്ങൾ എക്സൈസ് ആരംഭിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ചും വില്പന സംഘങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അധ്യാപകരോടും രക്ഷിതാക്കളോടും തുറന്ന് പറയാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപെട്ടികളിലൂടെ പ്രശ്നങ്ങൾ അറിയിക്കാം.
എല്ലാ സ്കൂളുകളിലും വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു എക്സൈസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടായിരുന്നു. സ്കൂള്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും ക്ലാസ് ആരംഭിച്ച് അരമണിക്കൂറും സ്കൂള്‍ വിടുന്നതിന് അരമണിക്കൂര്‍ മുന്‍പും വിദ്യാര്‍ഥികള്‍ സ്കൂള്‍ പരിസരത്ത് നിന്ന് പോകുന്നതുവരെയും എക്സൈസ് പട്രോളിംഗ് തുടരും. എക്സൈസിനും മറ്റു ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും മിന്നല്‍ പരിശോധനകളും നടത്തും.
കടകളിൽ പരിശോധന
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളുടെ സമീപത്തുള്ള കടകൾ കേന്ദ്രീകരിച്ച് പോലീസും എക്സൈസും പരിശോധന നടത്തും. സ്കൂളുകൾക്ക് സമീപത്തെ പെട്ടിക്കടകളിലാണ് കൂടുതലായും ഇത്തരത്തിലുള്ള ലഹരി വസ്തുക്കൾ വിൽക്കുന്നത്. ഇത് കണക്കിലെടുത്ത് ഇത്തരം കടകളിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികളിൽ ലഹരി ഉത്പന്നങ്ങളെത്തിക്കുന്ന സംഘങ്ങളെ വലയിലാക്കാനുള്ള ശ്രമങ്ങളും എക്സൈസും പോലീസും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സ്കൂള്‍ തുറന്നതു മുതല്‍ എക്സൈസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടത്തിയിരുന്നു. സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി സംവിധാനം വഴി ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് അധ്യാപകരും ക്ലബ് അംഗങ്ങളും എക്സൈസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ അത്തരം കുട്ടികളെ ബോധവത്കരണത്തിലൂടെയും മെഡിക്കല്‍ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് അതും നല്കി ലഹരിയില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിച്ചു. പല കുട്ടികളും അറിയാതെ ലഹരി ഉപയോഗത്തിന്റെ ഭാഗമാകുന്നവരാണ്. രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കാത്ത അവസ്ഥയാണ്. ഇവരെ സഹായിക്കാന്‍ കൂടി ഉതകുന്ന പ്രവര്‍ത്തനമാണ് എക്സൈസ് നടത്തുന്നത്.
വിദ്യാർഥികൾക്ക ്
ബോധവത്കരണം
ലഹരി ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളെയുംക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തിയെടുക്കുകയെന്നതാണ് പ്രാരംഭഘട്ടത്തിൽ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കും. സ്കൂൾ തുറന്ന് ആദ്യവാരം തന്നെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ ക്വിസ്, പ്രസംഗ മത്സരങ്ങൾ എന്നിവയും നടത്തും.
രക്ഷിതാക്കളേ ശ്രദ്ധിക്കൂ...
ജോലി തിരക്കിനിടയിൽ കുട്ടികളെ ശ്രദ്ധിക്കാൻ കഴിയാത്ത രക്ഷിതാക്കളുടെ മക്കളാണ് കൂടുതലായും ലഹരി ഉപയോഗിക്കുന്നതെന്നാണ് എക്സൈസ് കണ്ടെത്തൽ. സ്നേഹവും പരിചരണവും കിട്ടാതാവുന്നതോടെയാണ് കുട്ടികൾ കൂടുതലായും ഇത്തരം ലഹരി മരുന്നുകൾക്കും അടിമപ്പെടുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ചീത്തകൂട്ടുകെട്ടുകളിൽ പെട്ടുപോയ വിദ്യാർഥികളാണ് കൂടുതലും മയക്കുമരുന്നുകളും മറ്റും ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കാത്ത കുട്ടികളെ കൂട്ടുകാർ തരം താഴ്ത്തി സംസാരിക്കുന്പോൾ അവർ അപമാനത്താൽ ലഹരി ഉപയോഗം തുടങ്ങുന്നു. പിന്നീട് ഇതിന് അടിമകളാകുകയാണ് ചെയ്യുന്നത്.
ലഹരി വസ്തുക്കൾ വാങ്ങാനായി പല കാരണങ്ങൾ പറഞ്ഞ് രക്ഷിതാക്കളിൽ നിന്നും പണവും വാങ്ങിക്കും. അതുകൊണ്ട് തന്നെ സ്കൂൾ കുട്ടികളിൽ രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധവേണമെന്നാണ് എക്സൈസ് നൽകുന്ന നിർദേശം.