കണ്ണൂരിൽ റോഡപകടങ്ങൾ കൂടുന്നു ; ഏപ്രിലിൽ പൊലിഞ്ഞത് 30 ജീവനുകൾ
1424547
Friday, May 24, 2024 1:28 AM IST
അനുമോൾ ജോയ്
കണ്ണൂര്‍: എഐ കാമറ വരെ സ്ഥാപിച്ചിട്ടും റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ദിനംപ്രതി വർധന. കണ്ണൂരിൽ ഒരു ദിവസം ചെറുതും വലുതുമായ അഞ്ച് അപകടങ്ങളാണ് നടക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ പേരുടെ ജീവൻ പൊലിയുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി കണ്ണോത്തുംചാലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചതാണ് അവസാന സംഭവം.
കടമ്പൂർ ചാത്തോത്ത് ജുമാ മസ്ജിദിന് സമീപത്തെ നസൽ (29) ആണ് മരിച്ചത്. പോലീസ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഏപ്രിലിൽ 333 അപകടങ്ങളിൽ 30 പേരുടെ ജീവൻ പൊലിഞ്ഞു. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം 23 പേരുടെ ജീവനാണ് പൊലിഞ്ഞത്.മേയ് മാസം ഇന്നലെ വരെയുള്ള ചെറുതും വലുതുമായ മുന്നൂറോളം അപകടങ്ങളിൽ 25 പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. നിരവധിപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സതേടി.
കാമറയും
അപകടം കുറച്ചില്ല
അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കുക, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, മോശമായ റോഡുകൾ തുടങ്ങിയവയാണ് പ്രധാനമായും അപകടങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിയിൽ സംസ്ഥാനത്തുടെനീളം 726 എഐ കാമറകള്‍ സ്ഥാപിച്ചിരുന്നു. ട്രാഫിക് നിയലംഘനം നടത്തിയാല്‍ ഉടനടി പിഴ ഈടാക്കുമെന്നതിനാല്‍ ജനങ്ങള്‍ ഹെല്‍മറ്റ് ധരിക്കുന്നതുപോലെയുള്ള എല്ലാ നിയമങ്ങളും ഒരു പരിധിവരെ അനുസരിച്ചു. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പദ്ധതി കാര്യക്ഷമമില്ലാതായി.
കരാര്‍ കമ്പനിക്ക് കോടികളുടെ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പണമില്ലാത്തതിനാല്‍ നിയമലംഘനം കണ്ടെത്തിയിട്ടും കരാര്‍ കമ്പനിയായ കെല്‍ട്രോണ്‍ തപാല്‍ മാര്‍ഗം നോട്ടിസ് അയയ്ക്കുന്നില്ല. ചില ജില്ലകളില്‍ മാത്രമാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ ജനങ്ങള്‍ ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കുന്നുമില്ല. അതേസമയം ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലും നിരവധി ജീവനകളാണ് നഷ്ടമാകുന്നത്. ഇതിനെതിരേ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ച് മാത്രം ഏഴോളം പേരാണ് മരിച്ചത്.